മറ്റൊരാളുടെ സ്വന്തമാകുന്നതിന് മുമ്പേ എല്ലാം ഇട്ടെറിഞ്ഞ് എവിടേക്കെങ്കിലും ഓടിപ്പോയിരുന്നെങ്കിൽ…..

രചന : Adithya Biju

എന്റെ കാശിത്തുമ്പയ്‌ക്ക്…

പുലർച്ചെ ഫോണിലെ അലാറം നിർത്താതെയടിക്കുന്ന ശബ്ദം കേട്ടാണ് ഭദ്ര കണ്ണുതുറന്നത്. ഉറക്കം കണ്ണുകളെ വിട്ടൊഴിയാത്തതിനാൽ അലാറം ഓഫ്‌ ചെയ്ത് ഒന്നുകൂടി കണ്ണുകളടച്ചു. പെട്ടെന്നെന്തോ ആലോചനയിൽ ഞെട്ടിയുണരുമ്പോഴാണ് ചിന്തിച്ചത് കാലത്തെ അമ്പലത്തിൽ വരാമെന്ന് കാശിയേട്ടനോട് വാക്കുപറഞ്ഞതിനെക്കുറിച്ച്. പെട്ടന്നുതന്നെ അഴിഞ്ഞുലഞ്ഞ മുടിവാരിക്കെട്ടി ദാവണിയുടെ തുമ്പെടുത്ത് ഇടുപ്പിൽക്കുത്തി കോണിപ്പടികളിറങ്ങി കുളപ്പടവിലേക്കൊരോട്ടമായിരുന്നു…

ഇതാണ് ശ്രീഭദ്ര, മേലേഴത്ത് തറവാട്ടിലെ ഒരേയൊരാൺതരി ചന്ദ്രദാസിന്റെ മകൾ. ചന്ദ്രദാസും ഭാര്യ വസുന്ധരയും ഒപ്പം ഭദ്രയും കാനഡയിലാണ് താമസിക്കുന്നത്… അതുകൊണ്ടുതന്നെ അയാളുടെ പെങ്ങൾ സൗദാമിനിയും കുടുംബവുമാണ് തറവാട്ടിലിപ്പോൾ താമസം… പത്താംവയസുമുതൽ കാനഡയിലെ ജീവിതമാണെങ്കിലും ഭദ്രക്കെന്നും നാടാണിഷ്ടം.. അതുകൊണ്ടുതന്നെ വേഴാമ്പലിനെപ്പോലെ കാത്തിരുന്നാണ് അവൾ ഓരോ അവധിക്കും നാട്ടിലേക്കോടിയെത്തുന്നത്…

ഇത്തവണത്തെ വരവിനൊരു പ്രത്യേകത കൂടിയുണ്ട്..

ഇനി അങ്ങോട്ടൊരു മടങ്ങിപ്പോക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ടാണ് എംബിഎ പൂർത്തിയാക്കി മടങ്ങിയത്.

കുളപ്പടവിൽനിന്ന് വെള്ളത്തിലേക്കിറങ്ങുമ്പോൾ കുളത്തിലെ തണുപ്പ് ശരീരത്തിലേക്ക് പടരുന്നതറിഞ്ഞു…

കുളത്തിനക്കരെ വരെ രണ്ടുതവണ നീന്തിത്തുടിച്ചുവന്ന് ഈറനായ് മുടിയിലൊരു തോർത്തും കെട്ടിവെച്ച് തറവാട്ടിലേക്ക് നടക്കുമ്പോൾ കണ്ടു അകത്തുനിന്നും നടന്നുവരുന്ന അപ്പച്ചിയുടെ മകൻ കണ്ണേട്ടനും ഒപ്പം കാശിയേട്ടനും… അവരെയൊന്ന് മുഖമുയർത്തി നോക്കി അകത്തേക്ക് നടക്കുമ്പോൾ കണ്ണേട്ടൻ പിടിച്ചുനിർത്തി നന്നായി തലതുവർത്തി തന്നിട്ടാണ് വിട്ടത്… ഇടംകണ്ണിട്ട് കാശിയുടെനേരെ അവൾ നോട്ടമെറിയുമ്പോൾ അവൾക്കുമാത്രം മനസിലാകുന്ന ഭാഷയിൽ അവനും കണ്ണുകൾക്കൊണ്ടെന്തോ കഥപറഞ്ഞു.

കരിമഷിയാൽ കണ്ണുകൾ കറുപ്പിച്ച് നെറ്റിയിലൊരു കുഞ്ഞുപൊട്ടും തൊട്ടപ്പോൾ കഴിഞ്ഞു പെണ്ണിന്റെ ഒരുക്കം.. മുറ്റത്തിറങ്ങി തൂശനിലയിൽ നന്ത്യാർവട്ടവും മന്ദാരവും ഒപ്പം കുറച്ച് തുളസിയിലയും പറിച്ചുകൊണ്ട് ഭദ്ര വേഗത്തിൽ അമ്പലത്തിലേക്കിറങ്ങി..

വീട്ടിൽനിന്നും ഇരുവശവും മൺതിട്ടകൾ നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോൾ ഭദ്രയുടെ പാദസ്വര കിലുക്കത്തിനൊപ്പം പാവാടത്തുമ്പുകൾ ആ ചെമ്മൺപാതയിൽ വീണുകിടക്കുന്ന കരിയിലകളെ ഇക്കിളിക്കൂട്ടിക്കൊണ്ടിരുന്നു.. പാടത്തിന്റെ വരമ്പിലേക്ക് ഇറങ്ങി നടക്കുമ്പോൾ എതിർവശത്തുനിന്ന് വരുന്ന ആളെക്കണ്ടതും പിടിച്ചുകെട്ടിയതുപോലെ ഭദ്രയുടെ കാലുകൾ നിശ്ചലമായി… ഭഗവതിയുടെ വാളും ചിലമ്പുമായി വരുന്ന വെളിച്ചപ്പാട് പണ്ടുമുതലേ അവളിൽ പേടിയുണർത്തുന്നതായിരുന്നു.. തിരിഞ്ഞ് വേഗത്തിലോടുമ്പോൾ ഇടവഴിയിൽ വെച്ച് കൂട്ടിയിടിച്ചത് കാശിയേട്ടനെയാണ്…

ആ നെഞ്ചിൽനിന്ന് മുഖമുയർത്തി നോക്കുമ്പോൾ കണ്ടു ചോദ്യഭാവത്തിൽ പിരികമുയർത്തി തനിക്കുനേരെ നോട്ടമെറിയുന്ന കാശിയെ.

മറുപടിയായി അവളുടെ കണ്ണുകൾ പടവരമ്പത്തേക്ക് സഞ്ചരിക്കുമ്പോൾ കാശിയുടെയുള്ളിൽ ചിരി പൊട്ടിയിരുന്നു. അവളെ മതിയാവോളം കളിയാക്കിക്കൊണ്ട് കാശി മുമ്പേ നടന്നപ്പോൾ അവന്റെ ധൈര്യത്തിലാണ് അവളും പിന്നാലെചെന്നത്.. മകരക്കൊയ്ത്ത് കഴിഞ്ഞ വയൽവരമ്പിലൂടെ അമ്പലം ലക്ഷ്യമാക്കി നടന്നകലുമ്പോൾ ഭദ്രയുടെ കണ്ണുകൾ പാടത്തുനിന്നും ധാന്യങ്ങൾ കൊത്തിപ്പെറുക്കുന്ന പച്ചോലക്കിളികളിൽ ആയിരുന്നു… അവയുടെ കിളിനാദത്തിനൊപ്പം ഭദ്രയുടെ പാദസ്വര കിലുക്കം കൂടി കേൾക്കെ കാശിയുടെ ചുണ്ടിലൊരു ചിരിയൂറി.

പാടവരമ്പിൽ നിന്ന് കരയിലായ് ഇരിക്കുന്ന അമ്പലത്തിലേക്ക് കയറുമ്പോൾ കാശിയവളെ കയ്യിൽപ്പിടിച്ച് കയറ്റി… ഭദ്രയോന്ന് കണ്ണുചിമ്മി കണിച്ചുകൊണ്ട് നാരങ്ങാവിളക്കുമായി അമ്പലത്തിനകത്തേക്ക് നടക്കുമ്പോൾ കാശിമാത്രം അമ്പലമുറ്റത്തെ ആൽത്തറയിലിരുന്നു..

കാശി അമ്പലത്തിൽ കയറാറില്ല… കാരണം ചോദിച്ചാൽ പറയും ആള് കമ്മ്യൂണിസ്റ്റ്‌ ആണെന്ന്…

സത്യത്തിൽ കാരണമതൊന്നുമല്ല, അവന്റെ പന്ത്രണ്ടാം വയസിൽ ഒരു കാർ ആക്‌സിഡന്റിൽ അവന്റെ കുഞ്ഞനിയത്തിയെ ഉൾപ്പെടെ എല്ലാവരെയും ദൈവം തിരിച്ചുവിളിച്ചപ്പോൾ അവൻ മാത്രം ബാക്കിയായി..

ചടങ്ങുകളൊക്കെ കഴിഞ്ഞ് ബന്ധുക്കളൊക്കെ അവനെ കയ്യൊഴിഞ്ഞപ്പോൾ നല്ലവരായ ചില നാട്ടുകാർ കൂടിയാണ് അവനെ അനാഥാലയത്തിൽ കൊണ്ടാക്കാൻ തീരുമാനിച്ചത്… എന്നാൽ ഭദ്രയുടെ അച്ഛന് കാശിയുടെ കുടുംബത്തോടുള്ള കടപ്പാടിന്റെപുറത്താണ് അവനെയന്ന് തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്..

അന്നുമുതൽ കാശി തറവാട്ടിലെ ആരെല്ലാമോ ആയി മാറുകയായിരുന്നു.

കൗമാരത്തിലെന്നോ ഭദ്രക്ക് കാശിയോട് തോന്നിയൊരിഷ്ടം… എന്നാൽ കാശിയതിനെ അംഗീകരിക്കാതെ ഒഴിഞ്ഞുമാറി നടക്കുമ്പോഴും ഭദ്ര പിന്മാറാൻ തയ്യാറല്ലായിരുന്നു.. പിന്നീടെപ്പോഴോ അവളുടെ വാശിക്കുമുന്നിൽ കാശിക്ക് കീഴടങ്ങേണ്ടിവന്നു. എങ്കിലും എല്ലാമറിഞ്ഞുകഴിയുമ്പോൾ അന്നംതന്ന കയ്യിൽത്തന്നെ കൊത്തിയെന്ന് തറവാട്ടിലുള്ളവർ പറയുമോയെന്ന ഭയമായിരുന്നു കാശിക്ക്…

ചിരിയോടെ അമ്പലത്തിൽ നിന്ന് പുറത്തേക്കിറങ്ങിവരുന്ന ഭദ്രയെ കണ്ടപ്പോൾ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് കാശി ആൽത്തറയിൽനിന്നിറങ്ങി അവൾക്കരികിലേക്ക് നടന്നു. ഇലച്ചീന്തിൽ നിന്ന് ഒരുനുള്ള് മഞ്ഞൾപ്രസാദം നെറ്റിയിലേക്ക് തൊടുമ്പോൾ കാശി അവൾക്കുനേരെ മുഖംതാഴ്ത്തി കൊടുത്തു.

പതിവുപോലെ അമ്പലപ്പടവിലിരുന്ന് അങ്ങ് ദൂരെ ചിരിച്ചുനിൽക്കുന്ന ഒരായിരം അമ്പലപ്പൂക്കളെ നോക്കുമ്പോൾ കാശിയുടെ മനസ്സിൽ നിറഞ്ഞത് ആശങ്കയായിരുന്നു..

കടപ്പാടുകൾക്ക് മുന്നിൽ പ്രണയം നഷ്ടമാകുമോ എന്ന ആശങ്ക. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ കിലുക്കാംപെട്ടിയെപ്പോലെ ഭദ്ര എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എന്തിനെന്നില്ലാതെ മനസ്സ് പിടയുന്നത് കാശിമാത്രം തിരിച്ചറിഞ്ഞു…

പടിപ്പുരയിലെത്തിയപ്പോൾ അവളുടെ കൈകളെ മോചിപ്പിച്ചുകൊണ്ട് അകത്തേക്ക് പൊയ്ക്കൊള്ളാൻ കണ്ണുകൾ കാണിക്കുമ്പോൾ അതനുസരിച്ച് ഭദ്രയും വേഗത്തിൽ ഉള്ളിലേക്ക് നടന്നു. ഉമ്മറത്തേക്ക് കടന്നപ്പോഴേ അകത്തുനിന്നും ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സംസാരം കേൾക്കാമായിരുന്നു..

മുത്തശ്ശനും അച്ഛനുമൊപ്പം സംസാരിച്ചിരിക്കുന്ന കാനഡയിലുള്ള മാധവൻ അങ്കിളിനെയും അവരുടെ ഭാര്യ ജാനകിയെയും കണ്ടപ്പോൾ ഭദ്രയുടെ കണ്ണുകൾ വിടർന്നു. എന്നാൽ അവർക്ക് പറയാനുള്ള വാർത്ത സത്യത്തിൽ അവളെ തളർത്തിക്കളഞ്ഞിരുന്നു.

ഭദ്രയെ അവരുടെ വീട്ടിലേക്ക് മരുമകളായ് കൂട്ടിക്കൊണ്ടുപോകാനുള്ള ആലോചനയുമായുള്ള വരവാണെന്നറിഞ്ഞപ്പോൾ അവളുടെ കൈകാലുകൾ തളരുന്നതായി തോന്നി.. അപ്രതീക്ഷിതമായി കേട്ട വാർത്ത കണ്ണുകൾ നിറച്ചെങ്കിലും അത് മുഖത്തു കാണിക്കാതെ വരുത്തിതീർത്ത പുഞ്ചിരിയോടെയാണ് അവൾ അവർക്കുമുന്നിൽ നിന്നത്. അൽപനേരം കഴിഞ്ഞ് പിന്നാലെ കാശിയും കയറിവന്നപ്പോൾ പ്രതീക്ഷയോടെയാണ് അവനുനേർക്ക് കണ്ണുകൾ പായിച്ചത്.. ആർക്കും മനസിലായില്ലെങ്കിലും ഭദ്രയുടെ കലങ്ങിയ കണ്ണുകൾ കാശിമാത്രം തിരിച്ചറിഞ്ഞു.

ചന്ദ്രദാസിന്റെ നാവിൽനിന്നും കാര്യം കൂടി കേട്ടറിഞ്ഞപ്പോൾ അവന്റെ നെഞ്ചകവും വല്ലാതെ വിങ്ങുന്നതറിഞ്ഞു. എങ്കിലും നിസ്സഹായാവസ്ഥയിൽ നോക്കിനിൽക്കാൻ മാത്രമേ അവനും ആ നിമിഷം സാധിച്ചുള്ളൂ. അൽപനേരം കഴിഞ്ഞ് ആർക്കും മുഖം കൊടുക്കാതെ കാശി മുകളിലേക്ക് നടന്നപ്പോൾ എല്ലാവരെയുമൊന്ന് നോക്കി ഭദ്രയും പിന്നാലെപോയി.

എന്നാൽ അവരുടെ ഭാവമാറ്റങ്ങൾ കണ്ണനും അവന്റെ ഭാര്യ, ഭദ്രയുടെ ചേച്ചി രുദ്രക്കും മാത്രം തിരിച്ചറിയാൻ സാധിച്ചിരുന്നു. ഭദ്ര കാശിയുടെ മുറിയിലെത്തുമ്പോൾ മട്ടുപ്പാവിൽ നിന്ന് പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു അവൻ. പിന്നിൽനിന്ന് അവനെ ഇരുകയ്യാലും പുണർന്നുകൊണ്ട് അവൾ ആർത്തലച്ച് കരയുമ്പോൾ അവളുടെ കൈകളെ ബലമായി പിടിച്ചുമാറ്റുകയെ കാശിക്കും നിവൃത്തിയുണ്ടായിരുന്നുള്ളു. ചങ്കുപൊട്ടുന്ന വേദനയോടെ അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്തോറും പെണ്ണ് കൂടുതൽകൂടുതൽ എങ്ങലടിച്ച് കരയുന്നത് കണ്ടപ്പോൾ അവന്റെയുള്ളവും നീറിക്കൊണ്ടേയിരുന്നു.

എങ്കിലും സ്വന്തം പ്രണയത്തെക്കാൾ അവന്റെയുള്ളിൽ ഒരുപടി മുകളിൽ നിന്നത് ആ കുടുംബത്തോടുള്ള നന്ദിയും കടപ്പാടുമായിരുന്നു…

വേദനയോടെയെങ്കിലും അവളെ മുറിക്ക് പുറത്താക്കി വാതിലടക്കുമ്പോൾ കാശിയുടെ ചങ്ക് പിടയുന്നതിനൊപ്പം കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു… എങ്കിലും താനായിട്ട് അന്നംതന്ന കൈകളെത്തന്നെ തിരിഞ്ഞുകൊത്തില്ലെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…

ദിവസങ്ങളുടെ കൊഴിഞ്ഞുപോക്കിൽ ഭദ്രയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങളും മുന്നോട്ടുപോയി…

മുത്തശ്ശന്റെയും അച്ഛന്റെയും തീരുമാനമാണ് അവളുടെയുമിഷ്ടം എന്നവർ ഉറച്ച് വിശ്വസിച്ചപ്പോൾ ഭദ്രയുടെ വാക്കുപോലും ചോദിക്കാതെ തന്നെ മേലേഴത്ത് തറവാടിന്റെ മുറ്റത്തൊരു പന്തലുയർന്നു.

എന്നാൽ ഈ ദിവസങ്ങളിലൊന്നും പഴയപോലെ ഭദ്ര തറവാടിന് പുറത്തേക്കിറങ്ങിയില്ലെങ്കിലും വീടിനുള്ളിൽവെച്ച് അവളെ കാണാനുള്ള സാഹചര്യങ്ങളെ കാശിയും മനഃപൂർവം ഒഴിവാക്കി കല്യാണത്തിനായുള്ള ഒരുക്കങ്ങളിൽ കണ്ണനൊപ്പം കൂടി.. വിവാഹത്തിന് പുടവയുമുടുത്ത് മുതിർന്നവരുടെ അനുഗ്രഹം വാങ്ങി മണ്ഡപത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ ഹൃദയം വല്ലാതെ നുറുങ്ങുന്നതറിഞ്ഞു.

മറ്റൊരാളുടെ സ്വന്തമാകുന്നതിന് മുമ്പേ എല്ലാം ഇട്ടെറിഞ്ഞ് എവിടേക്കെങ്കിലും ഓടിപ്പോയിരുന്നെങ്കിൽ എന്നുവരെ ഒരുനിമിഷം ചിന്തിച്ചുപോയി.. എന്നാൽ നിറഞ്ഞ പ്രതീക്ഷയോടെ തന്റെനേർക്ക് നീളുന്ന മാതാപിതാക്കളുടെ കണ്ണുകളാണ് ഈ നിമിഷംവരെ കാശിയേട്ടനോടുള്ള ഇഷ്ടം മറ്റുള്ളവർക്കുമുന്നിൽ തുറന്നുപറയാനാകാതെ തന്റെ വായടപ്പിക്കുന്നതെന്ന് അവൾ വേദനയോടെ ഓർത്തു… നിറഞ്ഞുവന്ന മിഴികളെ തടുത്ത് നിർത്തിക്കൊണ്ട് മുന്നോട്ട് നോക്കുമ്പോൾ ആദ്യം കണ്ടത് ഒന്നും സംഭവിക്കാത്ത ഭാവത്തിൽ തനിക്കുനേരെ നീളുന്ന കാശിയുടെ മിഴികളായിരുന്നു… എന്നാൽ എത്രയൊക്കെ അഭിനയിച്ചാലും ആ കണ്ണുകളിലെ വേദന അവൾക്ക്മാത്രം തിരിച്ചറിയാനാവുന്നതായിരുന്നു…

മുഹൂർത്തമായപ്പോൾ പൂജിച്ച താലി മുത്തശ്ശൻ കയ്യിലേക്ക് വാങ്ങുമ്പോൾ വരന്റെ ഭാഗം ശൂന്യമായിരുന്നു.

ഒട്ടൊരു സംശയത്തോടെയാണ് ഭദ്ര എല്ലാവരുടെയും മുഖത്തേക്ക് നോക്കിയത്.. എന്നാൽ എല്ലാ മുഖങ്ങളിലും നിറഞ്ഞ പുഞ്ചിരി മാത്രം..

പക്ഷേ അവരെപ്പോലും ഞെട്ടിച്ചുകൊണ്ട് മുത്തശ്ശൻ കയ്യിലിരുന്ന ആലിലത്താലി കാശിക്കുനേരെ നീട്ടുമ്പോൾ സംഭവിക്കുന്നതൊന്നും മനസിലാക്കാനാവാതെ ഞെട്ടൽ ആ മുഖത്തും വ്യക്തമായിരുന്നു… കാശിനാഥിന്റെ പേരുകൊത്തിയ മഞ്ഞചരടിൽ കോർത്ത താലി കഴുത്തിലേക്കേറ്റുവാങ്ങുമ്പോൾ തനിക്കറിയാവുന്ന ദൈവങ്ങളോടെല്ലാം കണ്ണീരിനാൽ നന്ദി അറിയിക്കുകയായിരുന്നു ഭദ്രയും… കാശിയെ തനിക്ക് സ്വന്തമായി തന്നതിന്… ഒപ്പം പറയാതെതന്നെ തന്റെ മനസ്സറിഞ്ഞ വീട്ടുകാരെയും തന്നതിന്…

കാശിയുടെ തുടുവിരലിനാൽ ഒരുനുള്ള് സിന്ദൂരം ചാർത്തി മണ്ഡപത്തെ വലംവെച്ച് മുത്തശ്ശന്റെ അനുഗ്രഹം വാങ്ങുമ്പോൾ അയാളവരെ മനസ്സുനിറഞ്ഞ് ആശീർവദിച്ചു.. അപ്പോഴാണ് അറിയുന്നത് ഭദ്ര കാശിക്കുള്ളതാണെന്ന് അവരെല്ലാം നേരത്തെ മനസ്സിൽ കണ്ടിരുന്നതാണത്രേ… എങ്കിലും കല്യാണലോചന വന്നപ്പോഴും രണ്ടുപേരും ഒന്നും തുറന്നുപറയാൻ തയ്യാറാകാതിരുന്നതിനാലാണത്രെ കാര്യങ്ങൾ ഇത്രത്തോളം എത്തിച്ചത്… കാശി എല്ലാവർക്കും എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പിന്നീടങ്ങോട്ട് ഭദ്ര തിരിച്ചറിയുകയായിരുന്നു…

അവധി കഴിഞ്ഞ് രണ്ടുമക്കളെയും ഒരിടത്തുതന്നെ എത്തിച്ചതിന്റെ സന്തോഷത്തിൽ അവരുടെ അച്ഛനുമമ്മയും കാനഡയിലേക്ക് മടങ്ങുമ്പോൾ പിന്നെയുള്ള ദിവസങ്ങൾ തറവാട്ടിൽ എല്ലാരുമൊത്ത് കഴിയുന്നതിന്റെ സന്തോഷം അറിഞ്ഞുതുടങ്ങുകയായിരുന്നു ഭദ്രയും.. ആരും കാണാതെ ഒളിഞ്ഞും മറഞ്ഞും അവർ നടന്നുതീർത്ത ഇടവഴികളും പടവരമ്പുമെല്ലാം കാശിയുടെ കൈകളിൽ കൈകോർത്ത് ഭദ്ര നടന്നുനീങ്ങി… അമ്പലത്തിലെ കൽവിളക്കിൽ അവനൊപ്പം ചേർന്ന് ഒരായിരം ദീപങ്ങൾ തെളിയിക്കുമ്പോഴും നിലാവ് പൊഴിക്കുന്ന രാവത്രയും അവനൊപ്പം കുളപ്പടവിലെ വെള്ളത്തിൽ കാലുകൾ ചേർത്തിരിക്കുമ്പോഴും പറയാതറിയാതെ കാശിയുടെ പ്രണയം അവളിലൊരു പേമാരിയാകുന്നതറിഞ്ഞു….

അവൾക്കൊപ്പം കളിചിരികൾക്കും കുറുമ്പുകൾക്കുമെല്ലാം കൂട്ടുനിൽക്കുമ്പോഴും ഇടക്കൊക്കെ അവനും ശരിക്കുമൊരു അധ്യാപകനായി അവളെ ശാസിക്കുന്നതും അവൾ അത്ഭുതത്തോടെ നോക്കിനിന്നു..

കണ്ണുകൾ നിദ്രയെ പുല്കുന്നതുവരെ അവന്റെ പ്രണയത്തിലലിഞ്ഞ് എല്ലാ അർഥത്തിലും കാശിയുടെ പെണ്ണായി മാറുമ്പോൾ അവളും കാത്തിരിക്കുകയായിരുന്നു ഇനിയെന്നും അവന്റേതുമാത്രമായൊരു ഭദ്രയായി മാറാൻ…

അവനിലെ സന്തോഷത്തിന്റെ ആദ്യാവസാനമായി മാറാൻ അവളും കൊതിക്കുകയായിരുന്നു…

വർഷങ്ങൾക്ക് ശേഷം ഭദ്രയുടെ കയ്യുംപിടിച്ച് കാശി ഭഗവതിക്കാവിലേക്ക് കയറുമ്പോൾ അവൻ മനസ്സുകൊണ്ട് ഒരായിരം നന്ദി പറയുകയായിരുന്നു…

തന്റെ അംശമായ് അവളുടെ ഉദരത്തിൽ നാമ്പിട്ട പുതുജീവനായ്… മാസങ്ങളുടെ കാത്തിരിപ്പിൽ അവർക്കിടയിലേക്ക് വിരുന്നെത്തിയ പുതിയ അഥിതി കാശിയെയും ഭദ്രയെയും പൂർണമാക്കുകയായിരുന്നു… കാശിയിന്ന് മേലെഴത്തുകാർ എടുത്തുവളർത്തിയ വളർത്തുമകൻ മാത്രമല്ല… അവനുകൂട്ടായ് ഇനിയെന്നും ഭദ്രയും കുഞ്ഞ് ക്ഷേത്രയുമുണ്ട്…. കാതങ്ങൾ മുന്നോട്ട് താണ്ടാൻ കാശിയുടേതുമാത്രമായ്…

ലൈക്ക് കമന്റ് ചെയ്യണേ അവസാനിച്ചു…

രചന : Adithya Biju