വരന്റെ വീട്ടുകാർ ഈ ബന്ധത്തിന് താല്പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ ഏത് അച്ഛനാണ് സഹിക്കാനൊക്കുക…

രചന: Unais Bin Basheer

അച്ഛാ.. ഞാനൊരു കാര്യം പറഞ്ഞാൽ അച്ഛൻ എതിർപ്പ് പറയരുത്.. തളർന്നിരിക്കുന്നു അച്ഛൻ പതിയെ തലയുയർത്തി എന്നെനോക്കി. പാവം അച്ഛന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്..

അല്ലേലും ഏകമകളുടെ കല്യാണ ദിവസ്സം വരന്റെ വീട്ടുകാർ ഈ ബന്ധത്തിന് താല്പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ ഏത് അച്ഛനാണ് സഹിക്കാനൊക്കുക.. വരാൻ പോകുന്ന നാണക്കേടോർത്തു ആ മനസ്സ് വിങ്ങിപ്പൊട്ടുന്നുണ്ടാവും.. ഉറപ്പ്.

എന്താ.. അച്ഛന്റെ ഇടറിയ സ്വരത്തിലുള്ള ചോദ്യം കേട്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു,. ജീവിതത്തിലാദ്യമായാണ് അച്ഛനിങ്ങനെ തലതാഴ്ത്തിയിരിക്കുന്നത് കാണുന്നത്. ഏതൊരു കാര്യത്തിനും എനിക്ക് ധൈര്യംതന്നിരുന്നത് അച്ഛനാണ് ഏതുനേരത്തും മനക്കരുത്തു കൈവിടാത്ത അച്ഛന്റെ ഈ അവസ്ഥ കാണുമ്പോൾ നെഞ്ചിനക്കത്തൊരു പൊള്ളൽ..

അച്ഛാ ആളുകളൊക്കെ ഇപ്പൊ ഇങ്ങെത്തിത്തുടങ്ങും.. എന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു, അറിയാടാ.. പക്ഷെ ഞാൻ.. ഞാൻ എന്താ ചെയ്യാ. എല്ലാരുടെയും മുന്നിൽ നാണംകെട്ടവനായി..

വാക്കുകൾ കിട്ടാതെ അച്ഛൻ തോളിലുള്ള തോർത്തെടുത്തു കണ്ണുതുടച്ചു. അപ്പുറത് ഒന്നുമറിയാതെ എല്ലാം മറന്നു പുതിയ ഒരു ജീവിതവും സ്വപ്നംകണ്ടിരിക്കുവാ എന്റെ മോൾ..

എങ്ങനാടാ എന്റെ കുട്ടിയോട് ഞാനിത് പറയുന്നേ.. എനിക്ക് ശക്തിയില്ലേടാ.. ഇതും പറഞ്ഞു അച്ഛൻ ഒരു കൊച്ചുകുട്ടിയെ പോലെ എന്റെ മുന്നിലിരുന്ന് ഏങ്ങലടിച്ചു കരഞ്ഞു..

ഇല്ലച്ഛാ. ഞാൻ ജീവനോടെണ്ടാവുമ്പോൾ അച്ഛൻ ആരുടേയും മുന്നിൽ തല താഴ്ത്തില്ല. ഞാനതിന് സമ്മതിക്കില്ല. അച്ചുവിന്റെ കല്യാണം നമ്മൾ നടത്തും, ഈ പന്തലിൽ വെച്ചുതന്നെ നടത്തും. ഇപ്പോൾ കാരണം പോലും പറയാതെ പോയ ആ എരണംകെട്ടവനെക്കാൾ നല്ലൊരുചെക്കനെ തന്നെ നമ്മളവളെ ഏൽപ്പിക്കും.

അതുകേട്ടതും ഷോക്കേറ്റപോലെ അച്ഛൻ ചാടി എഴുനേറ്റു. എന്താ.. സത്യമാണോ..? സത്യമാണോ നീ പറഞ്ഞെ.. അച്ഛനെന്റെ തോളിൽ പിടിച്ചു കുലുക്കി ചോദിച്ചു.

അതെ അച്ഛാ. നമ്മൾ ഈ കല്യാണം ഗംഭീരമായി നടത്തും. അതിനുവേണ്ടതെല്ലാം ചെയ്തിട്ടാണ് ഞാനിപ്പം അച്ഛന്റെ മുന്നിൽ വന്നുനിൽക്കുന്നത്. ഇനി അച്ഛന്റെ സമ്മതം മാത്രം കിട്ടിയാൽ മതി.. കാര്യങ്ങളെല്ലാം അച്ഛനെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ നീയാണെടാ ആൺകുട്ടി എന്നുപറഞ്ഞു അച്ഛനെന്നെ ഏറെ നേരം കെട്ടിപ്പിടിച്ചു.

പോയിമറഞ്ഞ ധൈര്യവും മനക്കരുത്തും അച്ഛന് കൈവന്നിരിക്കുന്നു. കാര്യങ്ങളെല്ലാം ഇപ്പോൾ ഓടിയോടി ചെയ്‌തുക്കിത്തീർക്കുന്നത് അച്ഛനാണ്. പ്രായം മറന്ന് ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനെ പോലെ.

കല്യാണപ്പന്തൽ ആളുകളെകൊണ്ട് നിറഞ്ഞു, എല്ലാവരിലും ഒരു കല്യാണം കൂടാൻ വന്ന സന്തോഷം നിറഞ്ഞുനിൽക്കുന്നു. അതിഥികളെ സ്വീകരിക്കുന്ന തിരക്കിലാണ് അച്ഛൻ. ‘അമ്മ കുടുംബക്കാരുടെ വിശേഷങ്ങൾക്ക്ചെവിയൂന്നിയിരിക്കുന്നു. കളിയും തമാശയും പൊട്ടിച്ചിരിയും നിറഞ്ഞുനിൽക്കുന്ന സമയത്താണ് ആരോ വന്ന പറയുന്നത്
ചെക്കനും കൂട്ടരും ഇങ്ങെത്തി എന്ന്..

അതുകേട്ടതും ഓടിച്ചെന്നു സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന അച്ഛനുപിറകിലായി ഞാനും ചെന്ന്നിന്നു.. എല്ലാവരെയും സ്വീകരിച്ചിരുത്തി.
അതിനിടയിൽ ചെക്കന്റെ കൂടെ വന്നവർ കുറഞ്ഞുപോയെന്നും മറ്റുമുള്ള സ്വരങ്ങൾ ഉയർന്നുവന്നെങ്കിലും ഞങ്ങളത് കേട്ടഭാവം നടിച്ചില്ല.

മുഹൂർത്തം അടുക്കാറായിരിക്കുന്നു.. വരനും വധുവും മണ്ഡപഭത്തിലേക്ക് കയറിയിരുന്നോളു.. പൂചാരിയുടെ വാക്കുകൾ കേട്ടതും ചെക്കൻ കതിർമണ്ഡപത്തിലേക് ചെന്നിരുന്നു, ശ്യാം. വെളുത്ത ഷർട്ടും മുണ്ടുമാണ് അവന്റെ വേഷം, എപ്പോഴും ചിരിക്കുന്ന മുഖം. എന്തുകൊണ്ടും അച്ചുവിന് ചേർന്നവർ തന്നെ.,.

ആഭരണങ്ങളണിഞ്ഞു വരുന്ന കല്യാണപെണ്ണായി അച്ചുവിനെ കണ്ടപ്പോൾ ഓരങ്ങളായുടെ കടമ നിറവേറ്റിയതിൽ മനസ്സ് നിറഞ്ഞു. അച്ഛനോടും അമ്മയോടും അനുഗ്രഹം വാങ്ങി അവൾ എന്റെ കാലിലേക്ക് വീണതും ഞാനവളെ താങ്ങിപ്പിടിച്ചു.

അവളുടെ കളിചിരികളില്ലാത്ത ദിവസങ്ങളെ ഇനി സ്വീകരിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു. അവളുടെ തലയിൽ കൈവെച്ചു മനസ്സിൽ ഒരായിരം ദീർഘസുമംഗലി പറഞ്ഞു.

മണ്ഡപം ലക്ഷ്യമാക്കി തിരിഞ്ഞുനടന്ന അവൾ അവിടെ ഇരിക്കുന്ന ആളെ കണ്ടപ്പോൾ സ്വിച്ചിട്ടപോലെ നിന്നു. അത്ഭുദത്തോടെ ഞങ്ങളെ തിരിഞ്ഞുനോക്കി. അച്ഛാ. ഇത്.. ഇത് ശ്യാമല്ലേ.. വിറച്ചുകൊണ്ടാണ് അവൾചോദിച്ചത്..

അതെ ശ്യാം തന്നെ. ഒരിക്കൽ നീ ഒത്തിരി സ്നേഹിച്ച അതിനേക്കാളേറെ നിന്നെ സ്നേഹിച്ച ശ്യാം. എന്റെ മോൾ ഒത്തിരി ആഗ്രഹിച്ചതല്ലേ ഇവനോടൊപ്പമുള്ള ജീവിതം. എന്റെ ഒറ്റ നിർബന്ധം കൊണ്ടുമാത്രം നീ മറക്കാൻ ശ്രമിക്കുകയായിരുന്നുല്ലേ..

പക്ഷെ അതൊന്നും മനസ്സിലാക്കാതെ ഞാൻ,, എന്നോട് ക്ഷമിക്ക് മോളെ. നീ കണ്ടെത്തിയതായിരുന്നു ശരി, അത് മനസ്സിലാക്കാൻ ഈ അച്ഛൻ കഴിഞ്ഞില്ല. വാക്കുകൾ മുഴുവനാക്കാതെ അച്ഛൻ വിതുമ്പി.

കാര്യങ്ങളൊക്കെ അവളെ പറഞ്ഞുമനസ്സിലാക്കിയപ്പോഴേക്കും അവള് കണ്ണുകളും നിറഞ്ഞിരുന്നു,,

കല്യാണം മുടങ്ങി നാണക്കേടിന്റെ വക്കിൽ നിൽക്കുമ്പോഴാണ് നിന്നെ ഏട്ടൻ ഇവനെ പോയി കാണുന്നത്. പഴയ ഇഷ്ടം ഇപ്പോഴുമുണ്ടെങ്കിൽ കൂടെ കൂട്ടാമോ എന്ന് അപേക്ഷിക്കുന്നത്, മറുത്തൊന്നും ചിന്തിക്കാതെ നിന്നെ സ്വീകരിക്കാൻ ഇവൻ മനസ്സുകാണിച്ചപ്പോൾ എനിക്ക് ബോധ്യമായി ഭദ്രമായ കൈകളിൽ തന്നെയാണ് നിന്നെ ഏൽപ്പിക്കുന്നത് എന്ന്.

ഒരു നെടുവീർപ്പിട്ട് അച്ഛൻ തുടർന്നു
ഞങ്ങളിപ്പോൾ ഒത്തിരി സന്തോഷിക്കുന്നുണ്ട് മോളെ, നിന്നെ പിരിയുന്ന സങ്കടം മാത്രമേ ഇപ്പൊ ഞങ്ങൾക്കൊള്ളു എപ്പോഴെങ്കിലും ഞാൻ നിന്റെ മനസ്സ് വേദനിപ്പിച്ചെങ്കിൽ എന്റെ മോൾ ഈ അച്ഛനോട്പൊറുക്കണം. മാപ്പ്..

കൈകൂപ്പിനിൽക്കുന്ന അച്ഛന്റെ കൈതട്ടിമാറ്റി കരഞ്ഞുകൊണ്ട് അവൾ അച്ഛന്റെ നെഞ്ചിലേക്ക് വീണു,

അപ്പോൾ ഇതെല്ലം കണ്ട് ആനന്ദത്തിന്റെ ചെറിയ ഒരു പുഞ്ചിരി തൂകി കതിർമണ്ഡപത്തിലിരിക്കുന്ന ശ്യാമിനോട് മനസ്സിൽ നന്ദി പറയുകയായിരുന്നു ഞാൻ…

സ്നേഹം സത്യമാണെങ്കിൽ ആഗ്രഹം പൂവണിയും..
ശുഭം. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

രചന: Unais Bin Basheer