ആൺകുട്ടികൾ പെൺകുട്ടികളെ വായിനോക്കുന്നതൊക്കെ സാധാരണയാണ്…

ആൺകുട്ടികൾ പെൺകുട്ടികളെ വായിനോക്കുന്നതൊക്കെ സാധാരണയാണ്…

രചന: Unais Bin Basheer

അമ്മെ.. ഏട്ടനെന്ത്യേ..? നിഷ്ക്കളങ്കമായ എന്റെ ചോദ്യം കേട്ടിട്ടും ഒന്നും മിണ്ടാതെ അമ്മ എന്നുതന്നെ മിഴിച്ചു നോക്കുകയാണ്. അമ്മെ.. ഏട്ടനെവിടെ എന്ന്.. ചോദ്യത്തിന് ഞാനല്പം ശബ്‌ദം കൂട്ടി. പെടുന്നനെ ‘അമ്മ പുറത്തേക്കോടി ആകാശത്തേക്ക് നോക്കി തിരികെ വന്നു..

നീയിപ്പം എന്താ അവനെ വിളിച്ചത്.. എട്ടാന്നോ. എന്നിട്ടെന്താ കാക്ക മലർന്നുപറക്കാഞ്ഞേ..
അമ്മെ തമാശ കള. ചന്തു എവിടെ..? ഹ അങ്ങനെ പറ. വെറുതെ തഴക്കമില്ലാത്ത വാക്കൊക്കെ പറഞ്ഞു നാവുളുക്കണ്ട. അവൻ ദേ ഇപ്പൊ കിടക്കട്ടെ എന്നുപറഞ്ഞു അകത്തേക്ക് പോയിട്ടുണ്ട്.

അമ്മയോട് തർക്കിക്കാൻ നിക്കാതെ ഞാൻ വേഗം അവന്റെ റൂമിലേക്ക് ചെന്നു. ഹെഡ്സെറ്റും വെച്ച് കണ്ണടച്ചുകിടക്കുന്ന അവനെ കണ്ടപ്പോൾ ഓടി ചെന്ന് കെട്ടിപ്പിടിച്ചു കരയാൻ തോന്നി എനിക്ക്. പക്ഷെ. കഴിഞ്ഞിയല്ല.

ചന്തു.. ഞാൻ പതിയെ അടുത്തുചെന്ന് അവനെ തട്ടിവിളിച്ചു. അവൻ അറിഞ്ഞില്ലെന്ന് തോന്നുന്നു. ഒന്നൂടെ ഉരുട്ടി വിളിച്ചപ്പോൾ അവനെന്റെ കൈതട്ടിമാറ്റി തിരിഞ്ഞു കിടന്നു. എനിക്കാകെ ദേഷ്യം കേറി. കൈവീശി ആഞ്ഞൊന്നു വെച്ചതുകൊടുത്തു ചന്തിക്ക്. അമ്മെ.. എന്നാർത്തുകൊണ്ട് അവൻ ചാടി എഴുനേറ്റു.

എടീ സാമദ്രോഹി നിന്നെ ഞാനിന്ന് കൊല്ലും എരപ്പെ. അവൻ എന്റെ നേരെ കയ്യോങ്ങി.. സാധാരണ അവൻ എന്റെ നേർക്ക് വരുമ്പോഴേക്ക് ഞാൻ ഈ വീട് നാല് റൌണ്ട് ഓടുന്നതാണ്. പക്ഷെ ഇന്ന് ഞാൻ അനങ്ങാതെ നിൽക്കുന്നത് കൊണ്ടാവും അവനൊന്ന് തണുത്തു.

എന്താടി,, അവന്റെ ചോദ്യത്തിന് ഇത്തിരി കടുപ്പമുണ്ടായിരുന്നു. ചന്തു എനിക്കൊരു കാര്യം പറയാനുണ്ട്. എന്താച്ചാൽ പറഞ്ഞുതുലക്ക് വെറുതെ മനുഷ്യന്റെ ഉറക്കോം കളഞ്ഞു,, നീ നാളെയൊന്ന് എന്റെ കൂടെ കോളേജിലേക്ക് വരാമോ.. ഞാൻ ദയനീയതയോടെ ചോദിച്ചു.

എന്തിന്.. അത്.. കുറച്ചു നാളായി ഒന്നുരണ്ടുപേർ എന്റെ പിറകെ കൂടിശല്യം ചെയ്യുന്നു,. നീയൊന്ന് വന്നാൽ.. ഒന്ന് പോയെടി. പിന്നെ.. നിന്റെ കോളേജ് പിള്ളാരെന്റെ നെഞ്ചത്ത് പൊങ്കാലയിടും..

കോളേജ് ആകുമ്പോൾ ആൺകുട്ടികൾ പെൺകുട്ടികളെ വായിനോക്കുന്നതൊക്കെ സാധാരണയാണ് അതിന് ഞ്ഞാൻ വന്ന് ആ പിള്ളേരെ കയ്യീന്ന് അടി വാങ്ങേണ്ട ആവശ്യമൊന്നുമില്ല. ഇനി നിനക്ക് അത്ര പ്രശ്‌നമാണേൽ നിന്റെ പ്രിൻസിപ്പാളിനൊരു കംപ്ലൈന്റ്റ് കൊട്..

ചന്തു പ്ലീസ്. ഞാൻ കാര്യമായിട്ട് ചോദിക്കുവാ. നാളെ ഒന്ന് എന്റെ കൂടെ വാ. നിന്നോട് ഞാൻ കാര്യമായിട്ടുതന്ന പറഞ്ഞത്. എനിക്ക് പറ്റില്ലെന്ന്..
ആ. വേണ്ട. നിന്റെ ബോക്സിങ് കാണാൻ വന്ന് കുറച്ചു കിക്കും പഞ്ചിങ്ങുമൊക്കെ ഞാനും പഠിച്ചിട്ടുണ്ട്. അവരെ ഞാൻ തന്നെ കൈകാര്യം ചെയ്‌തോളാം.. ഹ എന്നാൽ അതാവും നല്ലത്. മോള് ചെല്ല്.. അതും പറഞ്ഞു അവൻ വീടും ഉറക്കിലേക്ക് തന്നെ ഊളിയിട്ടു

പിറ്റേന്ന് നേരം പുലർന്ന ഉടനെ. ഞാൻ അവനെ കാണാൻ വീണ്ടും റൂമിലേക്ക് പോയി. പക്ഷെ പുതച്ചുമൂടി കിടക്കുന്ന അവനെ കണ്ടപ്പോൾ ഉണർത്താൻ തോന്നിയില്ല.. കുളിച്ചുമാറ്റി വേഗം പോകാനൊരുങ്ങി. പതിവിന് വിപരീതമായി ഒത്തിരി നേരം പ്രാർത്ഥിച്ചു..

പേടിയുണ്ട് എനിക്ക്. ആ ശ്യാമും കൂട്ടരും, അവന്റെ പ്രണയം ഞാൻ നിരസിച്ചതുമുതൽ തുടങ്ങിയതാണ്, ഇന്ന് അവന്റെ കൂടെ അവൻ വിളിക്കുന്ന സ്ഥലത്തേക്ക് ചെന്നില്ലെങ്കിൽ എന്നെ കൊല്ലുമെന്ന പറഞ്ഞത്.. ചന്തുവിനോട് ഞാനെങ്ങനാ ഇതൊക്കെ പറയുന്നേ.. ഓർത്തപ്പോൾ അറിയാതെ ഒഴുകിവന്ന കണ്ണുനീർ ഞാൻ തുടച്ചു,

പെട്ടെന്ന് തിരിറിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ‘അമ്മ.. എന്താ പാറു,, എന്താ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത്.. ഇന്നലെ കോളേജിൽ നിന്നും വന്നതുമുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഹേയ് ഒന്നുല്ല അമ്മ.. ചേട്ടൻ എണീക്കുമ്പോ അമ്മ ഒരു കാര്യം പറയോ.. എന്നതാടി. എനിക്ക് ചേട്ടനെ ഒത്തിരി ഇഷ്ടായിരുന്നെന്ന്.. എട്ടാന്ന് വിളിക്കാതെ പേര് വിളിക്കുന്നത് ഇഷ്ടക്കൂടുതൽ കൊണ്ട് മാത്രമാണെന്ന്.. അതിന് അവൻ പോയല്ലോ..

പോയോ, എങ്ങോട്ട്.. ആ അറിയൂല വല്ല കളിയും ണ്ടാവും.. അല്ലാണ്ട് എവിടെപ്പോകാനാ..
ഉം. ഞാനൊന്ന് മൂളി. എന്താടി അവൻ നിന്നെ വഴക്കു വല്ലോം പറഞ്ഞോ.. ഇല്ല.. പിന്നെ എന്താ. ഒന്നുല്ല. ഞാൻ ഇറങ്ങട്ടെ അമ്മെ..

കോളേജിൽ ബസ്സിറങ്ങിയതും എന്റെ ചങ്കിടിപ്പ് കൂടി. ചുറ്റിലും എവിടെയോ അപകടം പതിഞ്ഞിരിക്കുന്നത് പോലെ ഒരു തോന്നൽ. തോളിൽ തൂങ്ങുന്ന ബാഗിൽ പിടിമുറുക്കി ധൈര്യം സംഭരിച്ചു ഞാൻ മുന്നോട്ട് നടന്നു. ഏതുനിമിഷവും ശ്യാമും കൂട്ടരും മുന്നിലേക്ക് വരും എന്ന ഭീതി എന്നെ വേട്ടയാടുന്നുണ്ട്. പക്ഷെ ഞാൻ ക്ലാസ്സിലെത്തിയിട്ടും അവരെആരെയെയും കണ്ടില്ല. ചെറിയ ഒരു ആശ്വാസത്തിന്റെ നെടുവീർപ്പോടെ ഞാൻ ക്ലാസ്സിലേക്ക് കയറി.

പാറു.. കൂടെ പഠിക്കുന്ന അശ്വതിയുടെ വിളികേട്ടപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. എന്തായി നിന്റെ ചേട്ടൻ വരുവോ..
ഞാൻ തലതാഴ്ത്തി ഇല്ലെന്ന് പറഞ്ഞു.
നീ അവനോട് കാര്യം പറഞ്ഞോ.. പറഞ്ഞു. പക്ഷെ പ്രിൻസിയോട് പറയാനാ അവൻ പറഞ്ഞെ.. അയ്യേ സ്വന്തം പെങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ അത് സോൾവ് ചെയ്തുകൊടുക്കാത്തവനാണോ നിന്റെ ചേട്ടൻ. ചെ പറയുമ്പോൾ ആൾക്ക് നിന്നോട് ഭയങ്കര സ്നേഹമുള്ളതുപോലെയാണല്ലോ.

എന്റെ ചേട്ടൻ എങ്ങാനും ആകണമായിരുന്നു, അവളുടെ വാക്കുൾ എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടിരുന്നു,
അല്ലെടി ഇനിയിപ്പോ എന്താ ചെയ്യാ.. അവളുടെ ചോദ്യത്തിന് മൗനം ഉത്തരം നൽകി ഞാൻ അവയിടുന്നെഴുന്നേറ്റുപോയി.

നേരെ ലൈബ്രറി ലക്ഷ്യമാക്കി നടന്നു.. മനസ്സ് താളം തെറ്റുമ്പോൾ എനിക്ക് എപ്പോഴും സ്വാന്തനത്തിന്റെ ചിറകുവിടർത്തുന്നത് പുസ്തകങ്ങളാണ്. ഇവിടെയുള്ള ഒട്ടുമിക്ക പുസ്തകങ്ങളും ഞാൻ വായിച്ചു തീർന്നതാണ്. എങ്കിലും ഇനിയും എന്റെ കണ്ണെത്താത്ത അക്ഷരക്കൂട്ടങ്ങളെ തേടി എന്റെ കണ്ണുകൾ അലയാൻ തുടങ്ങി, അപ്പോഴാണ് പിന്നിൽ നിന്നും വീണ്ടും അശ്വതിയുടെ വിളി. ഓടി വന്നതുകൊണ്ടാണെന്ന് തോന്നുന്നു അവൾ നന്നായി കിതക്കുന്നുണ്ട്.

പാറു വന്നേ.. ഒരു കാര്യം കാണിച്ചുതരാം.. എന്താണെന്ന് ചോദിക്കുന്നതിനുമുന്നെ അവൾ എന്റെ കൈപിടിച്ച് വലിച്ചു ക്ലാസ്സിലേക്ക് നടന്നു.. എന്നതാ കാര്യം, പോകുന്ന വഴി ഞാൻ ചോദിച്ചെങ്കിലും അവളൊന്നും പറഞ്ഞില്ല.

ക്ലാസ്സിലെത്തിയതും അവൾ താഴേക്ക് കൈചൂണ്ടി,. നോക്ക് ശ്യാം.. ആ പേരുകേട്ടപ്പോൾ ഹൃദയത്തിലൊരു വെട്ടേറ്റപോലെ. പക്ഷെ അവനെ കണ്ടപ്പോൾ അതൊരു പൂത്തിരിയായി മിന്നി. കയ്യിലും മുഖത്തും പ്ലാസ്റ്റർഇട്ടിരിക്കുന്നു. അവൻ മാത്രമല്ല അവന്റെ കൂടെയുള്ളവരും.

ബൈക്കിൽ നിന്നും വീണതാത്രേ. അശ്വതി പറഞ്ഞതുകേട്ടപ്പോൾ ഞാനൊന്ന് ചിരിച്ചു. അല്ല. എന്റെ ചന്തുവാ.. അവനാ ഇത് ചെയ്തത്.
ഹേ.. നീയല്ലേ പറഞ്ഞത് അവൻ വരില്ലെന്ന് പിന്നെ എന്താ. ഞാൻ വിളിച്ചാൽ ചന്തുവരാതിരിക്കില്ല, ഇത് അവൻ തന്നെയാണ്. എനിക്കുറപ്പാ. ഇനി ഇന്നുഞാൻ ക്ലാസ്സിലിരിക്കുന്നില്ല ഞാൻ വീട്ടിൽ പോവാണ്. എനിക്കിപ്പോൾ ചന്തുവിനെ കാണണം.

എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതി എന്നായി എനിക്ക്, ചന്തുവിനെ കാണണം താങ്ക്സ് പറയണം.. മനസ്സ് ആഹ്ലാദപരിതമായി
വീട്ടിലെത്തിയതും ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു. എന്താടി നിനക്കിന്ന് ക്ലാസ്സില്ലേ.. ഇല്യാന്ന് കൂട്ടിക്കോ.. ചന്തു എന്തെ..
അവൻ അകത്തുണ്ട് എന്തെ.. ഒന്നുല്ല അവനെ ഒന്ന് കണ്ടിട്ട് ഇപ്പൊ വരാം.. അവന്റെ റൂമിലേക്ക് ഓടുമ്പോൾ പിന്നിൽ നിന്നും ‘അമ്മ ‘അമ്മപിറുപിറുക്കുന്നുണ്ടായിരുന്നു,, ഈ പെണ്ണിന് ഇതെന്താ പറ്റിയെ എന്ന്

വാതിൽ മറവിലിരുന്ന് തലമാത്രം അകത്തേക്കിട്ട് ഞാൻ പതുക്കെ അവനെ വിളിച്ചു.. ഡാ ചന്തു.. ഫോണിലെന്തോ തോണ്ടിക്കൊണ്ടിരുന്ന അവൻ അതിൽ നിന്നും കണ്ണെടുത്തു രണ്ടുപിരികവും മേലോട്ടുയർത്തി എന്താ എന്ന അർത്ഥത്തിൽ എന്നെനോക്കി.. താങ്ക്സ് ണ്ട് ട്ടാ.. എന്നാത്തിന്..
ഒരു കള്ളച്ചിരിയോടെയുള്ള അവന്റെ ചോദ്യത്തിന് കണ്ണിറുക്കി ചുമ്മാത്തിന് എന്നുമറുപടി നൽകി എന്റെ റൂമിലേക്കോടി.. അഭിമാനത്തോടെ തയുയർത്തി നടക്കാൻ ഒരേട്ടനുണ്ടെന്ന അഹങ്കാരത്തോടെ….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

രചന: Unais Bin Basheer

Scroll to Top