കുറച്ച് കാലമായി അയാൾ വിവാഹ മോചനത്തിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിട്ട്….

രചന : Saji Manathavady

ജെയിംസിന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടാലറിയാം അയാൾ ഒരു ഉറച്ച തീരുമാനമെടുത്തുവെന്ന്

അയാളുടെ ഭാര്യ സ്കൂളിലേക്ക് പോയതിനു ശേഷമാണ് അയാൾ കാറുമായി വക്കീലിനെ കാണാൻ നാല്പത് കിലോമീറ്റർ അകലെയുള്ള പട്ടണത്തിലേക്ക് പോകുന്നത്. കുറച്ച് കാലമായി അയാൾ വിവാഹ മോചനത്തിനെ കുറിച്ച് കൂലങ്കഷമായി ചിന്തിക്കാൻ തുടങ്ങിയിട്ട്.

അതിന്റെ കാരണങ്ങൾ പലതായിരുന്നു. ഒന്നാമതായി അയാൾ ജോലി ചെയ്യുന്നത് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലാണ്. അവിടെ പ്ലാനിംങ് ബോർഡിൽ ജോലി ചെയ്യുന്നതിനാൽ വയനാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടുകയില്ല. അയാളുടെ ഭാര്യ വയനാട്ടിൽ സിംഗിൾ മാനേജ്മെന്റ് സ്കൂളിൽ പ്ലസ് ടു ടീച്ചറായതിനാൽ തിരുവനന്തപുരത്തെക്ക് മാറാൻ നിർവ്വാഹമില്ല.

ഭാര്യയോട് ജോലി രാജി വെക്കാനോ ലീവെടുത്ത് കൂടെ വരാനോ ആവശ്യപ്പെട്ടിട്ടും അവൾ അതിന് തയ്യാറല്ല.

രണ്ടാമതായി മാസത്തിലൊരു ലീവെടുത്ത് വീട്ടിലെത്തുമ്പോൾ ആ മാസത്തെ മുഴുവൻ വിശേഷങ്ങളും അവൾക്ക് ആ രാത്രി തന്നെ പറഞ്ഞു തീർക്കണം , അത് മുഴുവൻ പറഞ്ഞു തീരുന്നത് മൂളി കേൾക്കണം.

മൂളിയില്ലെങ്കിൽ നുള്ളി പറിക്കും.

പെടാ പാടുപ്പെട്ട് വയനാട്ടിൽ എത്തുമ്പോൾ പാടുമായി തിരിച്ചു പോകേണ്ട പാട് അയാൾക്കു മാത്രമെ അറിയു.

മൂന്നാമതായി ഒരു പ്രവാസിയെ പോലെ ജീവിക്കാൻ അയാൾക്ക് താല്പര്യമില്ലായിരുന്നു.

ജീവിതത്തിന്റെ നല്ലൊരു പങ്കും അക്കരെ ഇക്കരെ നിന്നാൽ ശരിയാവില്ലെന്ന് അയാൾക്ക് തോന്നി.

ആളുകൾ എന്തിനാണ് വിവാഹം കഴിക്കുന്നത്.

പ്രധാനമായും ഒരു അൺ പെയ്ഡ് സെർവന്റിനെ ലഭിക്കാനായിരിക്കും.

പിന്നെ അതിഥികൾക്കും വീട്ടുക്കാർക്കും വെച്ചു വിളമ്പാൻ ഒരാളെ വേണം.

ലൈസൻസ് സെക്സിന്‌ വേണ്ടിയായിരുക്കും മറ്റു ചിലർ വിവാഹത്തിന് മുതിരുന്നത്.

ഇങ്ങനെയുളള ഹൃസ്വ സന്ദർശനങ്ങളുടെ ഫലമായി രണ്ട് കുട്ടികളുണ്ട്.

വേണമെങ്കിൽ ആൺകുട്ടിയെ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാം.

അയാൾ ചിന്തിച്ചു.

അപ്പോഴാണ് അയാൾ മോഹനൻ വക്കീൽ ചോദിക്കാൻ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിച്ചത്.

“വിവാഹ മോചനത്തിനുള്ള കേസു കൊടുക്കുമ്പോൾ അതിനൊരു കാരണം വേണമല്ലോ അതെന്താണ്

ഉത്തരമെന്തു പറയും അയാൾ ചിന്തിച്ചു.

നേരെത്തെ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ വക്കീൽ പൊട്ടിച്ചിരിക്കും. അതിനാൽ അവൾ വിശ്വസ്തയല്ലയെന്ന് പറയാം. അവളുടെ ഇമ്മോറൽ ബിഹേവിയറാണ് കാരണമെന്ന് പറഞ്ഞാൽ കോടതി വിവാഹമോചനം അനുവദിക്കുമായിരിക്കും. അത് അയാൾ കോടതിയിൽ പറയുമ്പോൾ ഭാര്യയുടെ മുഖത്തുണ്ടാകുന്ന ഭാവം അയാൾ ഭാവനയിൽ കണ്ടു.

അതു മാത്രമല്ല അവളുടെ സ്കൂളിൽ ഒരുപക്ഷെ ഇതൊരു സംസാര വിഷയമായേക്കാം. കുട്ടികളും രക്ഷാകർത്താക്കളും ഇത്തരത്തിലുളള ഒരു ടീച്ചർ ആ സ്കൂളിൽ പഠിപ്പിക്കേണ്ടെയെന്ന് പറഞ്ഞേക്കാം.

അവളെ പോലെയുളള ശുദ്ധഗതിയുള്ളവൾ ഒരു പക്ഷെ ആത്മഹത്യ ചെയ്തേക്കാം. അവളുടെ ആത്മഹത്യക്കുറിപ്പിൽ തന്റെ പേര് പരാമശിച്ചേക്കാം. അങ്ങിനെയാണെങ്കിൽ ആത്മഹത്യ പ്രേരണക്ക് തനിക്കെതിരെ കേസുണ്ടായേക്കാം.

മാത്രവുമല്ല നമ്മുടെ നിയമങ്ങൾ സ്ത്രീകൾക്ക് അനുകൂലമാണല്ലോ. അങ്ങിനെ വന്നാൽ വിവാഹ മോചനത്തിന് പോയി ജയിലിലുമാകും പിന്നെ ജയിൽ മോചനത്തിന് വേണ്ടി മോഹനൻ വക്കീലിനെ കാണേണ്ടിവരും.

വക്കീലിന് രണ്ട് ഫീസ് കൊടുക്കേണ്ടി വരും. ഒരു പക്ഷെ തന്റെ രണ്ട് മക്കളും തന്നെ വെറുക്കും.

അമ്മയെ കൊന്നവൻ അത് സ്വന്തം അച്ഛനാണെങ്കിൽ പോലും മക്കൾ അംഗികരിച്ചുവെന്ന് വരില്ല.

അയാൾ ചിന്തിച്ചു.

വിവാഹ മോചനത്തിന് കേസു കൊടുത്താൽ തന്റെയും അവളുടെയും മാതാപിതാക്കളുടെ പ്രതികരണമെന്തായിരിക്കും. അയാൾ ചിന്തിച്ചു.

ഈശ്വര ഭക്തരായ അവർ പറയും ദൈവം യോജിപ്പിച്ചതിനെ മനുഷ്യർ വേർപ്പെടുത്താൻ പാടില്ലെന്ന് . എല്ലാത്തിനും കാരണം തന്റെ ലൈംഗിക തൃഷ്ണയാണെന്ന് കുറ്റപ്പെടുത്തിയാകാം. ഒരു സെക്സ് മാനിയാക്ക് ആയി തന്നെ ചിത്രികരിച്ചേക്കാം.

അയാൾ ദേഷ്യത്തിൽ ആക്സിലേറ്ററിൽ ആഞ്ഞമർത്തി. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞു. അയാൾക്ക് ബോധം വന്നപ്പോൾ അയാളുടെ രണ്ട് കാലും പ്ലാസ്റ്ററിട്ടിരുന്നു. അപ്പോൾ അയാൾ കണ്ടത് അയാൾക്കടുത്തിരുന്ന് വിതുമ്പുന്ന ഭാര്യയെയാണ്…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Saji Manathavady