തേൻനിലാവ്, നോവലിൻ്റെ ഭാഗം 28 വായിച്ചു നോക്കൂ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

“നീയിങ്ങ് വന്നേ…….. ”

“മ്.. ഹ്……. ”

അപ്പു നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഇങ്ങ് വാ അപ്പു…..”

“ഇല്ല…. അവനെ തല്ലിയപോലെ എന്നേം തല്ലാനല്ലേ…… ”

അവൾ ജിത്തുവിൽ നിന്നും പത്തടി അകലം പാലിച്ചു നിന്നു.

അവൻ അടുത്തു വരുന്തോറും അവൾ പുറകിലേക്കു നീങ്ങി. അപ്പു ശരിക്കും പേടിച്ചിട്ടുണ്ടെന്ന് അവനു മനസ്സിലായി.

“വാടി…. ഞാൻ ദേഷ്യപ്പെടില്ല…..”

ജിത്തുവിന് ചിരി വന്നു.

“സത്യായിട്ടും……. ”

“ആഹ്മം… സത്യായിട്ടും…….. ”

അവൻെറ മുഖത്തു പുഞ്ചിരി കണ്ടപ്പോഴാണ് അപ്പുവിന് ആശ്വാസമായത്. അവൾ പതിയെ അവൻെറ അടുത്തു പോയി. ജിത്തു അവളുടെ മുഖം കോരിയെടുത്തു.

“പേടിച്ചു പോയോ എൻെറ അപ്പുക്കുട്ടൻ..മ്.. ”

“മ്… ശരിക്കും പേടിച്ചു…. എന്തൊരു ദേഷ്യായിരുന്നു….. എന്തൊരു ഒച്ചയായിരുന്നു…….

എന്തിനാ പോലീസ് കേസൊക്കെ കൊടുപ്പിച്ചത്….. അവനെ കൊറെ തല്ലീതല്ലേ…. വേണ്ടായിരുന്നു…. ”

അവൾ അവൻെറ കൈത്തണ്ടയിൽ മുറുക്കി പിടിച്ചു.

“ഇല്ല അപ്പു… ഇവനെപ്പോലെയുള്ളവരുടെ ധൈര്യം തന്നെ നിങ്ങളുടെ മൗനമാണ്…. അനാവശ്യമായി ദേഹത്തൊന്നു തൊട്ടാൽ പോലും പ്രതികരിക്കാതെ ഇരിക്കരുത്…. നേരിടണം നിയമപരമായോ അല്ലാതയോ…. അവർക്ക് തക്കതായ ശിക്ഷ കിട്ടുകയോ ഇല്ലയോ എന്നതിലല്ലാ… പക്ഷെ നിങ്ങൾ പ്രതികരിച്ചു തുടങ്ങി എന്നു തോന്നിത്തുടങ്ങിയാൽ… പിന്നെ കൈ ഉയർത്താൻ അവനൊന്ന് മടിക്കും… ആ പേടിയാണ് നമുക്ക് വേണ്ടതും…….”

അവളുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിയോടെ അവൻ പറയുമ്പോൾ അതേ പുഞ്ചിരി അവളുടെ ചുണ്ടിലും പ്രതിഫലിച്ചു.

“പിന്നെ അവനെ തല്ലിയത്…… എൻെറ പെണ്ണിനെ അവൾക്ക് ഇഷ്ടമില്ലാത്ത ഒരുത്തൻ തൊട്ടാൽ ഞാൻ തല്ലും…. ചിലപ്പോൾ കൊന്നെന്നും വരും….. അതിനി ഏത് കൊമ്പത്തെ മറ്റവൻ ആയാലും…… ”

ജിത്തു അവളെ നെഞ്ചോടു ചേർത്തു.

“എന്ത് അടിയാ അടിച്ചേ… ഹോ…. കണ്ട് നിന്ന എൻെറ കിളിപോയി….. ”

അപ്പു അവൻെറ ഷർട്ടിൻെറ ബട്ടൺസിൽ പിടിച്ചു കളിച്ചു.

“അത് അവന് കിട്ടേണ്ടത് തന്നെയാ….. ”

ജിത്തുവിൻെറ വിരലുകൾ അവളുടെ മുടിയിഴകളെ തലോടി.

“ജിത്തു……… ”

“മ്……… ”

“നീ ബനിയൻ ഇട്ടട്ടില്ലാലേ…. ”

അവൾ കുറുമ്പോടെ ചോദിച്ചു.

“ഛേ…. ഈ പെണ്ണിൻെറ കണ്ണ് എവിടേക്കാ പോണത്…. ആവശ്യമില്ലത്തിടെത്തെല്ലാം കണ്ണെത്തും….. ”

അവൻ അവളെ തോളിൽ പിടിച്ച് പുറകിലേക്കു തള്ളി.

“ആഹ്…… ”

വിശ്വയുടെ പല്ലുകൾ ആഴ്ന്നിറങ്ങിയിടത്ത് ജിത്തുവിൻെറ കൈ തട്ടിയപ്പോൾ അവൾക്ക് നന്നായി നൊന്തു.

“അപ്പു…. സോറി…. വേദനിച്ചോ…… ”

അവൻ അടുത്തേക്കു വന്നതും തോളിൽ കൈ വച്ചവൾ പുറകിലേക്കു നീങ്ങി. അവളുടെ പരിഭ്രമവും തോളു മറച്ചു പിടിക്കാനുള്ള ശ്രമവും കണ്ട് ജിത്തുവിന് സംശയം തോന്നി.

“എന്താ അപ്പു അവിടെ…… ”

“മ്ച്ചും…. ഒന്നൂല……. ”

“എന്തോ ഉണ്ട്… നീ കൈ മാറ്റിക്കേ….. ”

ജിത്തു അവളുടെ കൈ രണ്ടും കൂട്ടി പിടിച്ച് ബലമായി ടോപ് നീക്കി നോക്കി. അവൻെറ പല്ലുകൾ ആഴ്ന്നിടം തോളിൽ കല്ലിച്ചു കിടപ്പുണ്ട്.

അത് കാൺകേ അവൻെറ മുഖത്തു വീണ്ടും ദേഷ്യം വന്നു നി_റയുന്നത് അപ്പു ഭയത്തോടെ നോക്കി നിന്നു.

“ആ… പൂ……. ”

ബാക്കി പറയുന്നതിനു മുന്നേ അപ്പു അവൻെറ വാ പൊത്തി പിടിച്ചു.

“സാരില്ല്യാ…. ദേ^ഷ്യപ്പെടല്ലേ പ്ലീസ്….. ”

അപ്പുവിൻെറ മുഖത്തെ ദ_യനീയത കണ്ടപ്പോൾ അവൻെറ ദേഷ്യം കെട്ടടങ്ങി.

“മ്….. വാ….. ”

“എവിടേക്കാ……. ”

“എൻെറ വീട്ടിലേക്ക്….. ”

ജിത്തു അവളുടെ കൈ പിടിച്ചു നടന്നു.

“യ്യോ… ഞാനില്ല…… ”

അവൾ കൈ പിൻവലിച്ചു.

“ജാനു ഉണ്ട് അവിടെ……. ”

അവളുടെ മനസ്സ് വായിച്ചതുപോലെയവൻ പറഞ്ഞപ്പോൾ അപ്പു അറിയാതെ വാ തുറന്നു പോയി.

“വാ അടക്കെടി വല്ല ഈച്ചയും കയറും…..”

പെരുവിരലും ചൂണ്ടുവിരലും ചേർത്തവൻ അവളുടെ ചുണ്ടു രണ്ടും കൂട്ടി പിടിച്ചു.

“ഈ……. എന്നാ ഞാൻ ദേവമ്മയോട് പറഞ്ഞിട്ട് വരാം….. ”

“അതൊക്കെ അവർക്ക് മനസ്സിലായിക്കോളും……. ”

ജിത്തു അവളേയും കൊണ്ട് പാർക്കിങ്ങ് ഏരിയയിലേക്ക് പോയി.

അവനോടൊപ്പം വീട്ടിലേക്കുള്ള യാത്രയിൽ അപ്പു അവനെ ചുറ്റിപ്പിടിച്ച് പുറത്തു തല വച്ചു.

നേർത്ത രീതിയിൽ കാതിലേക്ക് അലയടിക്കുന്ന അവൻെറ ഹൃ^ദയതാളം ശ്രവിച്ചുകൊണ്ടവൾ കണ്ണടച്ചു കിടന്നു.

“എന്താടാ രണ്ടുപേരും കൂടി…..

പതിവില്ലാതെ ജിത്തുവിനേയും അപ്പുവിനേയും വീട്ടിൽ കണ്ട് ജാനു നെറ്റി ചുളിച്ചു.

“ഒന്നുമില്ല…. ചുമ്മാ….. ”

ജിത്തു അവളുടെ കവിളിൽ ഒന്നു തട്ടി അകത്തു കയറി.

“ഹമ്മ്……. കയറി വാ അപ്പു…..

“നീയിങ്ങനെ വിളിച്ച് വിളിച്ച് ചെക്കൻ പകുതി ക്ലാസ്സിൽ കയറണില്ലാട്ടോ ജാനു…. ഫൈനൽ ഇയറാണെന്ന് മറക്കണ്ടാട്ടോ രണ്ടും…… ”

ജാനുവിൻെറ കയ്യിലിരിക്കുന്ന ഫോൺ നോക്കിയാണ് ജിത്തു പറഞ്ഞത്.

“ഏയ്…. അവൻ ദേ ഇപ്പോ വിളിച്ചതേ ഒള്ളു…. ”

ജാനു ഒരു ചമ്മിയ ചിരിയും പാസാക്കി പതുക്കെ അടുക്കളയിലേക്കു വലിഞ്ഞു.

“ഉവ്വ ഉവ്വേ…….. നീ വാ…… ”

ജിത്തു അപ്പുവിൻെറ കയ്യും പിടിച്ച് അവൻെറ മുറിയിലേക്കു പോയി.

ഷെൽഫിൽ നിന്നും ഫസ്റ്റ് എയ്ഡ്സ് ബോക്സ് എടുത്തുകൊണ്ടു വന്നു. അപ്പുവിനെ പിടിച്ച് ബെഡിലേക്കിരുത്തി അവനും അടുത്തിരുന്നു. ടോപ് താഴ്ത്തി ഡെറ്റോളിൽ മുക്കിയ പഞ്ഞി കൊണ്ടവൻ മുറിവ് പതിയെ തുടച്ചു.

“സ്സ്……… ”

നീറ്റൽ കൊണ്ട് അപ്പു തോളു വെട്ടിച്ചു.

“ചെറിയ നീറ്റൽ കാണും സാരമില്ല……. ”

“മ്…….. ”

ജിത്തു അവളുടെ തോളിലേക്ക് മുഖം കുനിച്ച് മുറിവിലേക്കു പതിയെ ഊതി. അവൻെറ ചുടുശ്വാസം തോളിൽ പതിഞ്ഞതും അപ്പു ഒന്നു പുളഞ്ഞു. കണ്ണുകൾ ഇറുക്കി അടച്ചവൾ ബെഡ് ഷീറ്റിൽ മുറുക്കി പിടിച്ചു.

അവളിലെ മാറ്റങ്ങൾ അവനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബെഡ് ഷീറ്റിൽ അമർന്ന അവളുടെ കൈത്തലത്തിനു മുകളിൽ കൈ വച്ചു. കണ്ണുകൾ തുറന്നവൾ അവൻെറ മുഖത്തേക്കു നോക്കി.

“എന്താ… ഇങ്ങനെ നോക്കണേ…… ”

അപ്പു തല ചെരിച്ചു.

“മ്.. ഹ്…… ”

ജിത്തു കണ്ണു ചിമ്മി കാണിച്ചു.

അവൻെറ പ്രണാർദ്രമായ നോട്ടം നേരിടാനാവാതെ അപ്പു മിഴികൾ താഴ്ത്തി തന്നിലേക്കടുത്തു വരുന്ന ജിത്തുവിൻെറ മുഖം കണ്ടവൾ കണ്ണച്ച് അവനു വിധേയയാം വിധം തല ചെരിച്ചു.

അവൻെറ നിശ്വാസം അവളുടെ മുഖത്തു തട്ടി.

കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നിട്ടും ഒന്നു സംഭവിക്കാത്തതുകൊണ്ട് അപ്പു കണ്ണു തുറന്ന് നോക്കി.

ബെഡിലെ ഹെഡ്ബോർഡിൽ ചാരി ഇരുന്ന് ചിരിക്കുന്നു ജിത്തുവിനെ കണ്ടവൾ ചൂളിപ്പോയി.

“മ്… എന്തേ…….. ”

“അല്ല…. ഞാൻ വിചാരിച്ചു… ”

അപ്പു നഖം കടിച്ചുകൊണ്ടവനെ പാളി നോക്കി.

“നീ വിചാരിച്ചു…… ”

ജിത്തു അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു.

“ഉമ്മ…….. ”

ഒരു കയ്യാലവൾ മുഖം പൊത്തി.

“അയ്യടാ…. എന്താ പെണ്ണിൻെറ ഒരു പൂതി.. ”

ജിത്തു അവളുടെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തു.

“ഈ…….. ”

“മ്…. മ്….. വാ പോവാം…. ”

“ഇന്നിനി പോണോ… നിക്കൊരു മടി…… ”

“ഇപ്പോഴേ മടി കയറിയാൽ ശരിയാവില്ലാട്ടോ…

നീ വാ….. ”

മടി പിടിച്ചിരുന്ന അപ്പുവിനെ പിടിച്ചെഴുന്നേൽപ്പിച്ചവൻ മുറിക്കു പുറത്തിറങ്ങി.

“ജാനു….. ഞങ്ങൾ ഇറങ്ങുവാട്ടോ…… ”

“നിക്കെടാ… ദേ ഈ ചായ കുടിച്ചിട്ട് പോ… അപ്പു ഒന്നും കഴിച്ചില്ലാലോ….. ”

“എൻെറ ജാനുവേച്ചി… ഈ വയ്യാത്ത കയ്യും വച്ച് എന്തൊക്കെയാ ഈ കാണിക്കണേ… ഇങ്ങ് മാറ് ചായ ഞാനിടാം…. ”

അടുക്കളയിലേക്ക് ഇടിച്ചു കയറി ജാനുവിനെ പിടിച്ച് ഹാളിൽ കൊണ്ടുപോയി ഇരുത്തി.

“എനിക്ക് കുഴപ്പമൊന്നും ഇല്ല അപ്പു… ഞാൻ ചെയ്തോളാം….. ”

“വേണ്ട… വേണ്ട… വേണ്ട… ഇവിടെ ഇരുന്നോളണം… ”

ജാനു തിരിച്ചു പറയും മുന്നേ അപ്പു അടുക്കള കയ്യിൽ എടുത്തിരുന്നു. ജാനുവിനെ നോക്കി ഒന്ന് ചിരിച്ചിട്ട് ജിത്തുവും അപ്പുവിനെടുത്തേക്കു പോയി.

ജിത്തു ചെല്ലുമ്പോൾ അപ്പു ഫോണും പിടിച്ചു കാര്യമായി എന്തോ നോക്കുകയാണ്. ജിത്തു പമ്മി പമ്മി പോയി അവളുടെ പുറകിലൂടെ എത്തി നോക്കി.

“How to make tea….. ”

ജിത്തുവിൻെറ ശബ്ദം കേട്ടതും അപ്പു പെട്ടന്നു തിരിഞ്ഞു ഫോൺ മറച്ചു പിടിച്ചു.

“അപ്പോ ചായ ഉണ്ടാക്കാൻ അറിയില്ല…. എന്നിട്ടാണ്……. ”

അവൻ കയ്യും കെട്ടി നിന്നു.

“ഈ… അത് പിന്നെ.. ഞാൻ… മറന്നു പോയതാ… അല്ലാണ്ട് അറിയാഞ്ഞിട്ടല്ല……”

“പിന്നേ….. അതെനിക്കു ശരിക്കും മനസ്സിലായി. ”

അപ്പുവിനെ നോക്കി കളിയാക്കുന്ന രീതിയിൽ ഒന്നു ചിരിച്ചിട്ട് ജിത്തു ചായ വയ്ക്കാൻ തുടങ്ങി. അവൻ ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധയോടവൾ നോക്കി കണ്ടു.

“ഇത്രൊള്ളു……. ”

സ്റ്റവ് ഓഫാക്കുന്നത് കണ്ട് അപ്പു നെറ്റി ചുളിച്ചു.

“പിന്നല്ലാതെ…. ചായ ഉണ്ടാക്കുന്നത് അത്ര വലിയ ആനക്കാര്യമാണെന്ന് കരുതിയോ……. ”

അവൻ അവളുടെ കവിളിൽ പിടിച്ചു കുലുക്കി.

“ആഹ്… നോവുന്നു ജിത്തു…

ജിത്തുവിൻെറ കൈ തട്ടി മാറ്റി അവൾ ചുണ്ടു കോട്ടി.

“ഇത്തിരി നോവട്ടേ…… ”

അവളെ ഒന്നു നോക്കിയിട്ടവൻ ചായയും കൊണ്ട് ഹാളിലേക്ക് പോയി.

മൂന്നു പേരും കൂടി ഹാളിൽ ഇരുന്നു ചായ കുടിക്കുമ്പോഴാണ് ഹരിദാസ് കയറി വരുന്നത്.

അയാളെ കണ്ടപ്പോൾ തന്നെ ജാനു ചാടി എഴുന്നേറ്റു അതു കണ്ട് അപ്പുവും എഴുന്നേറ്റു. ജിത്തു മാത്രം അയാളെ കണ്ടിട്ടും കാണാത്തതുപോലെ ഇരുന്നു. വീട്ടിൽ പതിവില്ലാത്ത അഥിതിയെ കണ്ടയാൾ നെറ്റി ചുളിച്ചു.

“ജിത്തുവിൻെറ ഫ്രണ്ടാ അച്ഛാ….. ”

അയാളുടെ നോട്ടത്തിൻെറ അർത്ഥം ഗ്രഹിച്ചെന്നോണം ജാനു തല താഴ്ത്തി നിന്ന് പറഞ്ഞു.

അപ്പു ഹരിദാസിനെ നോക്കി പുഞ്ചിരിച്ചെങ്കിലും അയാൾ അവളെ പുച്ഛത്തോടെ നോക്കി അയാളുടെ മുറിയിലേക്ക് പോയി. അപ്പു അതുകണ്ട് വല്ലാതെയായെങ്കിലും ജിത്തുവിനെ വിഷമിപ്പിക്കാതെ അവൾ ചിരിച്ചുകൊണ്ട് തന്നെ ഇരുന്നു.

***************

ജിത്തുവും അപ്പുവും കൂടി തിരിച്ചെത്തുമ്പോൾ കോളേജിലെ കുട്ടികളെല്ലാം പുറത്തിറങ്ങി നടക്കുകയാണ്.

ക്ലാസ്സുകളിൽ ഒന്നും ആരെയും കാണാതായപ്പോൾ ജിത്തു ഫോണെടുത്ത് മനുവിനെ വിളിച്ചു.

“നിങ്ങൾ എവിടെയാ……. ”

“ഞങ്ങൾ നമ്മുടെ സ്ഥിരം സ്ഥലത്തുണ്ട് നിങ്ങൾ ഇങ്ങ് പോരെ…. ”

“എന്താടാ കോളേജ് വിട്ടോ… എല്ലാരും പുറത്തേക്കു പോകുന്നുണ്ടല്ലോ….. ”

പറയുമ്പോൾ ജിത്തു ചുറ്റും വീക്ഷിച്ചു.

“സ്റ്റാഫ് മീറ്റിങ്ങാ…. എല്ലാ ടീച്ചേഴ്സും സെമിനാർ ഹാളിലേക്ക് പോയിട്ടുണ്ട്… മിക്കവാറും ഇപ്പോ തന്നെ വിടുമായിരിക്കും…….. ”

“ഹമ്മ്… ഞങ്ങൾ അങ്ങോട്ടു വരാം…… ”

അപ്പുവും ജിത്തുവും കൂടി അവിടേക്ക് ചെന്നു.

“എന്താ പതിവില്ലാതെ ഒരു സ്റ്റാഫ് മീറ്റിങ്ങ് ഒക്കെ…”

മനുവിനടുത്ത് ഇരുന്നുകൊണ്ടവൻ ചോദിച്ചു.

“അറിയില്ലാടാ… ഒരു പോലീസ് കേസൊക്കെ ഉണ്ടായതല്ലേ അതാവും…..”

“യ്യോ…. എന്നെ വിളിപ്പിക്കോ…..”

അപ്പുവിന് ആധിയായി.

“പിന്നെ വിളിപ്പിക്കാതെ…. കോളേജിൻെറ മാനം കളഞ്ഞതിന് നിന്നെ അവിടെ ഇട്ട് പൊരിക്കും…

നോക്കിക്കോ…… ”

അപ്പുവിനെ പേടിപ്പിക്കാനായി ശിവ ഒരു നമ്പർ ഇറക്കി.

“പിന്നെ… അതിന് ഞാൻ ഒന്നും ചെയ്തില്ലാലോ…… ”

അപ്പുവിൻെറ മുഖം മാറി.

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോളേ…. നീ തീർന്നെടി തീർന്നു…… ”

“ഒന്ന് ചുമ്മ ഇരിക്ക് ശിവേട്ടാ വെറുതെ എൻെറ കൊച്ചിനെ പേടിപ്പിക്കാനായിട്ട്…… ”

ദേവമ്മ അവൻെറ കാലിൽ തട്ടി.

“ഓക്കെ… നിർത്തി പോരെ… ”

അവൻ അവളുടെ മുഖത്തും നോക്കി ഇരുന്നു.

“ന്നെ പറ്റിച്ചതാലേ കൊരങ്ങൻ….. ശില്പേച്ചി വന്നില്ലേ…… ”

അപ്പു ചുണ്ടു ചുളുക്കി.

“ഇല്ലടി… അവളൊരു പെണ്ണുകാണാലിൽ പെട്ടു. ”

“പെണ്ണുകാണലോ…. അങ്ങനെ വരാൻ വഴിയില്ലാലോ…. സാധാരണ ആരെങ്കിലും വരുന്നുണ്ടെന്നറിഞ്ഞാൽ അന്നവളായിരിക്കും ആദ്യം കോളേജിൽ എത്തണത്…… ”

മനു കാര്യമായി ആലോചിച്ചുകൊണ്ടാണ് പറയുന്നത്.

“അത് നന്നായിട്ട് അറിയാവുന്നതുകൊണ്ട് രാവിലെ വരെ അവളെ കാര്യം അറിയിച്ചില്ല ആനിയാൻെറി(ശില്പയുടെ അമ്മ)….. രാവിലെ വിളിച്ചപ്പോൾ ആ ദേഷ്യത്തിലായിരുന്നു അവൾ… ”

പറയുമ്പോൾ മേഘക്ക് ചിരി വരുന്നുണ്ടായിരുന്നു.

“അതെന്താ ശില്പേച്ചിക്ക് കല്യാണം കഴിക്കണത് ഇഷ്ടല്ലേ…… ”

അപ്പു മേഘയുടെ കാലിലേക്ക് ചാരി ഇരുന്നു.

“അവൾക്കിങ്ങനെ തെണ്ടിത്തിരിഞ്ഞ് നടക്കണം…. കെട്ട് കഴിഞ്ഞാൽ അത് നടക്കില്ലാലോ….. ”

അവർ ഓരൊന്നു പറഞ്ഞു ചിരിച്ച് ഇരിക്കുമ്പോഴാണ് കോളേജ് വിട്ടുവെന്ന അനൗസ്മെൻെറ കേൾക്കുന്നത്.

“ആ… ബെസ്റ്റ്… ഇനി ഇവിടെ ഇരുപ്പ് നടക്കില്ല നമുക്ക് എങ്ങോട്ടേലും പോയാലോ….

മനു ചോദിക്കണ്ട താമസം അപ്പു ചാടി എഴുന്നേറ്റു.

“എന്നാ നമുക്ക് കഫയിൽ പോവാം….. എനിക്ക് നല്ല വിശപ്പ്….. ”

അവൾ വയറിനു മീതെ കൈ വച്ചു.

“നീ ഇപ്പോ ചായ കുടിച്ചല്ലേ ഒള്ളു…..”

ജിത്തു അവളെ കണ്ണും മിഴിച്ചു നോക്കി.

“അതിന്…. എനിക്ക് വിശന്നൂടെ…. ഇതെന്ത് കഷ്ടാ….. ”

“ഇതുപോലൊരു തീറ്റപണ്ടാരത്തിനെ ഞാനെൻെറ ജീവിതത്തിൽ കണ്ടിട്ടില്ല…. ഇതൊക്കെ എങ്ങോട്ടു പോകുന്നു എന്തോ….. ”

ശിവ തലയിൽ കൈ വച്ചു.

“ൻെറ വയറ്റിലേക്ക്….. ”

വയറു തടവിക്കൊണ്ട് അവൾ എല്ലാവരേയും നോക്കി ചിരിച്ചു.

“ഓ… ഇജ്ജാദി……. ”

ദേവമ്മ സ്വയം നെറ്റിയിൽ തട്ടി.

“വാ…. പോവാം….. നിക്ക് വിശക്കണു……”

“എൻെറ പൊന്നോ…. വേഗം വാടാവേ അല്ലെങ്കിൽ ഈ പെണ്ണ് നമ്മളെ പിടിച്ചു തിന്നും…… ”

ശിവ ആദ്യം എഴുന്നേറ്റു.

എല്ലാവരും കൂടി കഫേ മണാലിയിലേക്കു പോയി.

ബൈക്ക് പാർക്ക് ചെയ്ത് കഫേയിലേക്ക് കടക്കുമ്പോൾ സൈഡിലൂടെ കടന്നു പോയ ഓട്ടോയിൽ ഇരിക്കുന്ന ആളെ കണ്ട് ജിത്തുവിൻെറ കണ്ണുകൾ വിടർന്നു. ആരോടും ഒന്നും പറയാതെ അവൻ ബൈക്കെടുത്ത് ആ ഓട്ടോയുടെ പിന്നാലെ പോയി.

(തുടരും………)

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

Scroll to Top