തേൻനിലാവ്, നോവൽ, ഭാഗം 29 വായിക്കുക…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

എല്ലാവരും കൂടി കഫേ മണാലിയിലേക്കു പോയി.

ബൈക്ക് പാർക്ക് ചെയ്ത് കഫേയിലേക്ക് കടക്കുമ്പോൾ സൈഡിലൂടെ കടന്നു പോയ ഓട്ടോയിൽ ഇരിക്കുന്ന ആളെ കണ്ട് ജിത്തുവിൻെറ കണ്ണുകൾ വിടർന്നു.

ആരോടും ഒന്നും പറയാതെ അവൻ ബൈക്കെടുത്ത് ആ ഓട്ടോയുടെ പിന്നാലെ പോയി.

ശരവേഗത്തിൽ ജിത്തുവിൻെറ ബൈക്ക് ആ ഓട്ടോയുടെ അടുത്തെത്തി.

നഷ്ടപ്പെടുത്തിയതെന്തോ തിരിച്ചു കിട്ടാൻ പോകുന്നതിൻെറ സന്തോഷമായിരുന്നു അവനിൽ.

ഒരു കൈ അകലം തനിക്കു ജന്മം നൽകിയവൾ തന്നെയാണെന്നവന് ഉറപ്പായിരുന്നു.

അവനെ മറികടന്ന് പോകുന്ന ഓട്ടോയുടെ പുറകെ കുതിച്ചു പായുന്ന അവൻെറ മനസ്സിനേയും വാഹനത്തിനേയും പിടിച്ചുനിർത്തിക്കൊണ്ട് ചുവപ്പു സിഗ്നൽ തിളങ്ങി.

“ശ്ശേ……… ”

നിരാശയോടെ അവൻ തറയിൽ ആഞ്ഞു ചവിട്ടി.

പക്ഷെ അപ്പോഴും അവൻെറ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. ഉണങ്ങി വരണ്ട മരച്ചിലയിൽ ഉതിർന്ന പച്ചപ്പിൻെറ ചെറുമുകുളമെന്നപോൽ പ്രതീക്ഷയുടെ കരിന്തിരി കത്തിയമർന്ന അവൻെറ മനസ്സിൽ പുതിയ തിരിനാളം മിന്നിത്തിളങ്ങി.

“എൻെറ കയ്യെത്തും അകലെ എനിക്കമ്മയെ കാണാനാവുന്നുണ്ട്…. അമ്മയുടെ മാറിലെ ചൂടും മടിത്തട്ടിലെ വാത്സല്യവും അനുഭവിക്കാനാവുന്നുണ്ട്..

കണ്ടെത്തും ഞാൻ അമ്മയെ… എനിക്കറിയണം എന്തിനാണ് ഈ അജ്ഞാതവാസമെന്ന്…… ”

മനസ്സിൽ അടിവരയിട്ടുറപ്പിച്ചവൻ വണ്ടി തിരിച്ചു.

തിരിച്ചെത്തിയപ്പോൾ അവനെ കാത്തെന്നോണം ഓഡർ ചെയ്ത ഭക്ഷണം ഒന്നു തൊട്ടുപോലും നോക്കാതെ ആറുപേരും ഇരുപ്പുണ്ടായിരുന്നു.

ചിരിച്ചുകൊണ്ടവൻ ചെയർ വലിച്ചിട്ട് അവരോടൊപ്പം ഇരുന്നു.

“നീയിത് എങ്ങോട്ടു പോയതാ…. ”

മനു നെറ്റി ചുളിച്ചു.

“ഹ… കഴിച്ചു തുടങ്ങിയില്ലേ നിങ്ങള്…. ”

മറുപടി നൽക്കാനവൻ മടിക്കും പോലെ.

“ഞാൻ അപ്പോഴേ പറഞ്ഞതാ…. ന്നെ തിന്നാൻ സമ്മതിച്ചില്ല ഈ പാട്ട മനുവേട്ടൻ…… ”

അപ്പു കണ്ണുരിട്ടിക്കൊണ്ട് ബർഗർ എടുത്ത് കഴിക്കാൻ തുടങ്ങി.

“ഓ…. ഇതിനേക്കൊണ്ട്…… ”

ശിവ പല്ലു ഞെരിച്ചു.

“നല്ല രുചി….. ”

കണ്ണു വിടർത്തിക്കൊണ്ടവൾ ചുണ്ടിൽ പറ്റിപ്പിടിച്ച ചീസ് നുണഞ്ഞു.

എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ കുഞ്ഞിനു ഭക്ഷണം നൽകുന്ന ഒരമ്മയിൽ ജിത്തുവിൻെറ കണ്ണുകൾ ഉടക്കി.

കൊച്ചരിപ്പല്ലു കാട്ടി അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ട്. അതെല്ലാം കേട്ടുകൊണ്ട് ആ അമ്മ ഭക്ഷണം കൊച്ചുരുളകളാക്കി അവന് നൽകുന്നു.

റോഡിലൂടെ പോകുന്നവരേയും ഭക്ഷണം കഴിക്കുന്നവരേയുമെല്ലാം കണ്ട് കളിച്ചു ചിരിച്ചാണവൻ കഴിക്കുന്നത്.

ഉമ്മറത്തിണ്ണിൽ കാലു നീട്ടിയിരുന്ന് ദൂരെ ഉദിച്ചു നിൽക്കുന്ന അമ്പിളിയമ്മാവനോടും കണ്ണു ചുമ്മും താരകപ്പെണ്ണിനോടും കിന്നാരം പറഞ്ഞുകൊണ്ട് അമ്മ വായിൽ വച്ചു തരുന്ന വെളിച്ചെണ്ണയും ഉപ്പും ചേർത്ത ചോറുരുള ആസ്വദിച്ചു കഴിക്കുന്ന ബാലനായ് മാറാനവൻെറ ഉള്ളം വാശി പിടിച്ചു.

കണ്ണുകളിൽ നഷ്ടബോധത്തിൻെറ നീർക്കണങ്ങൾ ഉരുണ്ടു കൂടി. ഒരാശ്വാസത്തിനായി അവൻെറ മിഴികൾ അപ്പുവിനെ തേടി.

അവളും അതേ കാഴ്ച ആസ്വദിച്ചിക്കുകയാണ്.

പക്ഷെ ആ കണ്ണുകളിൽ നിരാശയില്ല കുമിഞ്ഞു കൂടുന്ന സങ്കടമില്ല. മറിച്ച് അലതല്ലുന്ന സന്തോഷമാണ്.

ഇവൾക്കിത് എങ്ങനെ സാധിക്കുന്നു..

ഓർക്കാനൊരു രൂപം പോലുമില്ല.. എങ്കിലും അതവളെ തെല്ലും വേദനിപ്പിക്കുന്നില്ല…

“ഇന്ന് രാവിലെ കൂടി അച്ചു നിക്ക് വാരിത്തന്നതേ ഒള്ളു…….. ”

അത്ഭുതത്തോടെ നോക്കിയിരിക്കുന്ന ജിത്തുവിനോടായവൾ പറഞ്ഞു.

“അമ്മേനെ ഓർമ്മ വന്നൂലെ. ”

“മ്…… ”

“പക്ഷെ നിക്ക് അച്ചൂനെയാ ഓർമ്മ വന്നേ…… ”

കുലുങ്ങി ചിരിക്കുന്ന അപ്പുവിനെ അത്യധികം പ്ര_ണയത്തോടെയവൻ നോക്കിയിരുന്നു.

*****************

“ആഹ് എല്ലാവരും ഉണ്ടല്ലോ കയറി വാ….”

“അപ്പു എഴുന്നേറ്റില്ലേ മുത്തശ്ശി…….. ”

പടകളെല്ലാം ഇന്ന് അപ്പുവിൻെറ വീട്ടിലാണ്.

“എവിടെന്ന് ഒന്ന് അമ്പലത്തിൽ പോവാനായിട്ട് ഞാനൊരു പതിനായിരം തവണ വിളിച്ചു അവളെ..

കിടന്നപ്പീന്ന് ഒന്നു തലപൊക്കി നോക്കീട്ടില്ല….. ”

“മുത്തശ്ശി നിക്ക്.. ഞാൻ പോയി വിളിക്കാം അവളെ….. ”

ജിത്തു ചിരിച്ചുകൊണ്ട് അപ്പുവിൻെറ മുറിയിലേക്കു പോയി.

കയ്യും കാലും വിടർത്തി ഇട്ട് ബോധമില്ലാതെ കിടന്നുറങ്ങുന്ന അപ്പുവിനെ കണ്ടവന് ചിരി വന്നു.

ഇട്ടിരുന്ന പാവടയെല്ലാം അരക്കു മുകളിലാണ്…

അവനതെല്ലാം നേരെയാക്കി.

ജിത്തു ബെഡിനരികിൽ മുട്ടുകുത്തി ഇരുന്നു. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയിഴകളെ മാടിയൊതുക്കി അവൾ എഴുന്നേൽക്കില്ല എന്നുറപ്പു വരുത്തി ആ നെറ്റിത്തടത്തിലൊന്നു മുത്തി.

“ഇഷ്ടമാണ് പെണ്ണേ…. എൻെറ ജീവനേക്കാളേറെ…. നമ്മുടെ പ്രണയത്തിൽ ഒരിക്കലും നിൻെറ പഠനം മുങ്ങിപ്പോവരുത്… അല്ലെങ്കിലേ തട്ടീം മുട്ടീം കഷ്ടിച്ചാ പെണ്ണ് പാസ്സാവുന്നത് തന്നെ….

അതുകൊണ്ട് തത്കാലം നമുക്കീ cat and mouse play തുടരാം…. സമയമാവുമ്പോൾ ഞാനീ പെണ്ണിനെ എൻെറ മാത്രമാക്കി മാറ്റിക്കോളാം… ”

അവൻ അവളുടെ കവിളിലൂടെ വിരലോടിച്ചു.

“നീ എന്നെ ഒരിക്കലും വിട്ടുകളയില്ലെന്ന് എനിക്കറിയാം അപ്പു….. ഇഷ്ടമുള്ളതിനെ ചേർത്തു പിടിക്കാനേ നീ ശ്രമിക്കൂ…..ആ വിശ്വാസം എനിക്കുണ്ട്……. ”

പ്രതീക്ഷിക്കാതെയവൾ തിരിഞ്ഞു കിടന്ന് അവൻെറ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു. ഒരു മുടിനാരകലെ അവളുടെ ചെഞ്ചൊടികൾ അവൻെറ മനസ്സിൻെറ താളം തെറ്റിച്ചുകൊണ്ടിരുന്നു.

ഒന്നനങ്ങിയാൽ ചിലപ്പോൾ ചെറു നനവു പടർന്ന ഇളം ചൊടികളെ അവൻെറ അധരങ്ങൾ പുണർന്നേക്കാം.

വികാരങ്ങളുടെ വേലിയേറ്റം നടക്കുന്ന മനസ്സിനേയും ശരീരത്തിനേയും ഏറെ നേരം തൻെറ കൈപ്പിടിയിലൊതുക്കാനാവില്ല എന്നായപ്പോൾ പ്രയാസപ്പെട്ടവൻ അവളിൽ നിന്നും വിട്ടകന്നു.

“അപ്പു……. ”

ആർദ്രമായ അവൻെറ ശബ്ദം കാതിൽ പതിച്ചതും ഉ_റക്കത്തിലും അവളുടെ ചുണ്ടിലൊരു പുഞ്ചിരി വരിഞ്ഞു. ജിത്തു പതിയെ അവളുടെ മുഖത്തേക്ക് ഊതി. അപ്പു ഞെരുങ്ങിക്കൊണ്ട് പതിയെ കണ്ണു തുറന്നു. ജിത്തുവിനെ കണ്ടവൾ ചാടി എഴുന്നേറ്റതും അവൻ അവളുടെ വാ പൊത്തി പിടിച്ചു.

“Happy birthday appu….. ”

അപ്പുവിൻെറ പിടക്കുന്ന മിഴികളിലേക്ക് അത്യധികം പ്രണയത്തോടെ നോക്കിയാണ് ജിത്തു പറഞ്ഞത്.

അപ്പുവിൻെറ കണ്ണുകൾ വിടരുന്നതും മുഖം പ്രകാശിക്കുന്നതും സന്തോഷത്തോടെ അവൻ നോക്കിയിരുന്നു.

സന്തോഷമോ സങ്കടമോ ആ കണ്ണുകളിൽ നീരുറവ രൂപംകൊണ്ടു. മുന്നോട്ടാഞ്ഞവൾ അവനെ ഇറുക്കി പുണർന്നു.

“എങ്ങനെ അറിയാം ഇന്ന് എൻെറ പിറന്നാളാണെന്ന്

അവൻെറ നെഞ്ചിൽ പറ്റിച്ചേർന്നുകൊണ്ടവൾ മൃദുവായി ചോദിച്ചു.

“ഇൻസ്റ്റഗ്രാം….. നിന്നേക്കുറിച്ചുള്ള സകല കാര്യങ്ങളും വാരിവലിച്ച് ബയോ ഇട്ടിട്ടുണ്ടല്ലോ….

ഇനി ജാതകം കൂടിയേ അതിൽ ചേർക്കാൻ ബാക്കിയൊള്ളു…..”

അവൻെറ ചുണ്ടുകളിൽ നിന്നൊരു നേർത്ത പുഞ്ചിരി അവൾക്ക് കേൾക്കാമായിരുന്നു.

“ഈ…….. ”

ചുമൽ പൊക്കിയവളൊന്നു ചിരിച്ചു.

“വേഗം റെഡിയായി വാ… മുത്തശ്ശി അവിടെ അമ്പലത്തിൽ പോവാൻ തയ്യാറായി നിക്കാ…… ”

പതിയെ അവളെ അടർത്തി മാറ്റി കവിളിനെ മറച്ചു കിടന്ന മുടിയിഴകൾ ചെവിക്കു പുറകിലേക്കു മാടിയൊതുക്കി.

“എന്നാലേ… ഞാൻ പെട്ടെന്ന് റെഡിയാകാവേ… ”

പറയലും അവൾ എഴുന്നേറ്റു ബാത്റൂമിലേക്ക് ഓടി.

കതക് അടക്കും മുൻപ് നഖം കടിച്ചുകൊണ്ടവൾ അവനെ ഒന്നു നോക്കി.

“അല്ലാ… എപ്പോഴാ വന്നേ….. ”

“ഇപ്പോ വന്നേ ഉള്ളു… എല്ലാവരും ഉണ്ട് പുറത്ത്…. നീ വേഗം റെഡിയാവ് അപ്പു….. ”

കണ്ണു ചിമ്മിയവൻ പുറത്തിറങ്ങി കതകടച്ചു.

ആടിപ്പാടി ഉല്ലസ്സിച്ചൊരു കുളിയും പാസാക്കി ബാത് ടവലും ചുറ്റി അപ്പു പുറത്തിറങ്ങി.

ഓടിപ്പോയി കതക് കുറ്റിയിട്ട് തിരിഞ്ഞപ്പോഴാണ് ബെഡിൽ ഒരു കവർ ഇരിക്കുന്നത് കണ്ടത്.

വേഗം തന്നെ അത് കയ്യിലെടുത്തു തുറന്നു നോക്കി. പച്ചയും മഞ്ഞയും കോമ്പിനേഷനിലുള്ള മനോഹരമായൊരു ധാവണി ആയിരുന്നു അത്.

അപ്പുവിൻെറ കണ്ണുകൾ തിളങ്ങി.

കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് അവളത് ദേഹത്തു വച്ചു നോക്കി.

“ഹൈ….. അടിപൊളി…. ഈ അച്ചുവിന് അല്ലെങ്കിലും ഒടുക്കത്തെ സെലക്ഷനാ… ”

ദാവണി ചുറ്റി കണ്ണുകൾ നീട്ടിയെഴുതി നെറ്റിയിലൊരു പൊട്ടും കുത്തി.

പുറത്തേക്കിറങ്ങാൻ കതക് തുറന്നതും കയ്യിലൊരു ജ്വല്ലറി ബോക്സുമായി വാസുദേവൻ കയറി വന്നു.

“മുത്തശ്ശാ……”

“എൻെറ കുട്ടിക്ക് പിറന്നാളായിട്ട് മുത്തശ്ശൻെറ വക ഒരു സമ്മാനം….. ”

ജ്വല്ലെറി ബോക്സിലെ നാഗപടമാലും ജിമിക്കി കമ്മലും മുത്തശ്ശൻ തന്നെ കൊച്ചുമോൾക്ക് അണിയിച്ചു കൊടുത്തു.

“എൻെറ കുട്ടി സുന്ദരി ആയിട്ടുണ്ട്….. ”

അവളെ ചേർത്തു പി^ടിച്ച് മൂർദ്ധാവിൽ അധരം അമർത്തുമ്പോൾ ഒരു മുത്തശ്ശൻ എന്നതിലുപരി ഒരു അച്ഛൻെറ വാത്സല്യമായിരുന്നു ആ വൃദ്ധനിൽ.

“എൻെറ വാസുക്കുട്ടൻ മുത്താ….. ”

ചുളിവുകൾ വീണ കവിളിൽ അവളൊന്ന് അമർത്തി മുത്തി.

മുത്തശ്ശൻെറ കൂടെ മുറിയിൽ നിന്നുമിറങ്ങി വരുന്ന അപ്പുവിനെ കണ്ണെടുക്കാതെ നോക്കി നിന്നു പോയി ജിത്തു. കുറുമ്പു കാട്ടി നടന്നിരുന്ന പൊട്ടിപ്പെണ്ണിൽ നിന്നും സ്ത്രയന സൗന്ദര്യമുള്ളൊരു യുവതി ആയവൾ മാറിയതുപോലെ. പക്ഷെ ആ ചൊടികളിൽ ഇപ്പോഴും കുസൃതി മാറ്റു കുറയാതെ താഴിട്ടു ബന്ധിച്ചിട്ടുണ്ട്.

“ആരിത്…. കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതോ… ”

അവളെ കണ്ടപാടെ ആദ്യത്തെ കമൻെറ് ശിവയുടെ വക ആയിരുന്നു.

“അതേലോ…. ൻെറ കാവില് ഞാൻ തന്നെയാ ഭഗവതി…..”

അപ്പു ഗമ ഒട്ടും കുറക്കാൻ പോയില്ല.

“Happy birthday appsss…… ”

ശിവ അവളുടെ കവിളിൽ പിടിച്ചു കുലുക്കി നെഞ്ചോടു ചേർത്തു.

“Thank you sivettaa…. ”

മൂക്കിൽ പിടിച്ചു വലിച്ചാണ് അപ്പു നന്ദിയറിയിച്ചത്.

എല്ലാവരും അവളെ ചേർത്തു പിടിച്ചും കൊഞ്ചിച്ചും പിറന്നാൾ ആശംസകൾ നേരുമ്പോൾ കുറഞ്ഞ സമയം കൊണ്ട് അപ്പു അവർക്ക് എത്രത്തോളം പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞു എന്നവർ സ്വയം തിരിച്ചറിയുകയായിരുന്നു.

*****************

എല്ലാവരും ഒരുമിച്ച് അമ്പലത്തിൽ പോയിവരുമ്പോഴും കേക്കു മുറിച്ച് ആഘോഷിക്കുമ്പോഴും അവളിൽ കുടുങ്ങിപ്പോയ മിഴികളെ മോചിപ്പിക്കാനാവാതെ നിൽക്കുകയായിരുന്നു ജിത്തു.

“ഇങ്ങ് വാ….. എന്താ മാറി നിക്കണേ…… ”

ഒരു പീസ് കേക്കുമായവൾ ജിത്തുവിനരികൽ എത്തി.

അത് അവൻെറ മുഖത്തു തേക്കാൻ തുടങ്ങവേ ജിത്തു അവളെ വലിച്ചടുപ്പിച്ചു. അവൻെറ നെഞ്ചിൽ തട്ടി കണ്ണിലുടക്കി നിന്നു അവൾ.

“You look gorgeous today… ”

ക്രീം പുരണ്ട അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ ജിത്തു അത് പറഞ്ഞതും അപ്പുവിൻെറ കവിളുകൾ ചുവന്നു.

“എന്നാ പിന്നെ ആ I love you അങ്ങ് പറഞ്ഞൂടെ….. ”

“ആയിട്ടില്ല അപ്പു…….. ”

അവൻെറ ചുണ്ടിൽ കുസൃതി വിരിഞ്ഞു.

“കുന്തം…. പോയേ… പോയേ…… ”

അവൻെറ നെഞ്ചിൽ ഒരു കുത്തു വച്ചുകൊടുത്ത് കൂർത്ത നോട്ടമെറിഞ്ഞവൾ ചവിട്ടി തുള്ളി പോകുന്നത് ഭിത്തിയിൽ ചാരി നിന്നവൻ പുഞ്ചിരിയോടെ നോക്കി.

തൂശനിലയിൽ തുമ്പപ്പൂ ചോറും.. പത്തു കൂട്ടം കറികളും… നല്ല അസ്സൽ പാലടപ്രധമനും സ്നേഹത്തിൽ പാകം ചെയ്തു നിരത്തി ശാരദ..

ആ വൃദ്ധയിലെ മാതൃവാത്സല്യം ഓരൊ വറ്റ് ചോറിനേയും അങ്ങേയറ്റം സ്വാദിഷ്ടമാക്കി.

ഒരു ദിവസം മുഴുവനും അപ്പുവിൻെറ സ്വർഗ്ഗത്തിൽ ചിലവഴിച്ച് മടങ്ങുമ്പോൾ എല്ലാവർക്കും വിഷമമായിരുന്നു. അത്രമേൽ അവിടം അവരെ സ്വാധീനിച്ചുവെന്നുതന്നെ പറയാം.

ജിത്തുവിനവൾ പ്രാണപ്രിയ അകുമ്പോൾ മറ്റുള്ളവർക്കവൾ അവരുടെ കൊച്ചനുജത്തി ആയിരുന്നു.

“റ്റാറ്റാ….. തിങ്കളാഴ്ച കാണാവേ….. ”

മടങ്ങിപ്പോകുന്ന പ് പ്രിയപ്പെട്ടവരെ നോക്കി അത്രമേൽ സന്തോഷത്തോടെയവൾ വിളിച്ചു കൂവി.

രാത്രിയിൽ കിടക്കുന്നതിനു മുന്നേ മൊബൈൽ കയ്യിലെടുക്കുമ്പോൾ നിരനിരയായി വന്നു കിടക്കുന്ന മെസേജുകളുടെ കൂട്ടത്തിൽ അവയുമുണ്ടായിരുന്നു. അവൾക്ക് ജന്മം നൽകിയവരുടെ പിറന്നാളാശംസകൾ.

(തുടരും………..)

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)